X

വോട്ടിംങ് മെഷീനിലെ ക്രമക്കേട്; ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് വോട്ടിംങ് മെഷീന്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്

നൈനിറ്റാള്‍: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ അസംബ്ലിയിലെ വോട്ടെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് നാവ് പ്രഭാത് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

വികാസ് നഗറില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുന്നാ സിംങ് ചൗഹാനോട് പരാജയപ്പെട്ടത്. തന്റെ പരാജയത്തിനു കാരണം വോട്ടിംങ് മെഷീനിലെക്രമക്കേടാണെന്നും ഇതു കാരണമാണ് താന്‍ 6000 വോട്ടിന് പരാജയപ്പെട്ടതെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാവ് പ്രഭാത് പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സംഭവത്തില്‍ ആറു ആഴ്ച്ചക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 70അസംബ്ലി മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് 11,000 വോട്ടിംങ് മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. വികാസ് നഗറിലേക്ക് മാത്രമായി 139 മെഷീനുകള്‍ ഉപയോഗിച്ചിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിക്ക് 57 സീറ്റും കോണ്‍ഗ്രസിന് 11സീറ്റുമാണ് കിട്ടിയത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതലാണ് വോട്ടിംങ് മെഷീനില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായത്. ഈ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്.

chandrika: