X

ഉത്തരകൊറിയക്കെതിരെ വീണ്ടും യു.എന്‍ ഉപരോധം

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് ആറാമതും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തി. ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിക്കും ടെക്സ്റ്റയില്‍ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍ ഐകകണ്‌ഠ്യേനയാണ് യു.എന്‍ രക്ഷാസമിതി അംഗീകരിച്ചത്. അമേരിക്ക മുന്നോട്ടുവെച്ച പല കടുത്ത നിര്‍ദേശങ്ങളും പ്രമേയത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈനയും റഷ്യയും നിര്‍ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്. ഉത്തരകൊറിയയുടെ ആണാവയുധ പദ്ധതിക്കുള്ള സാമ്പത്തിക സ്രോതസ്സ് അടക്കാന്‍ ഉപരോധത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

സമ്പൂര്‍ണ എണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്ന അമേരിക്കയുടെ നിര്‍ദേശം ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കി. ക്രൂഡോയിലിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്കുമേല്‍ പരിമിത നിയന്ത്രണങ്ങളുണ്ടാകും. ഉത്തരകൊറിയക്ക് ക്രൂഡോയില്‍ നല്‍കുന്ന പ്രധാന രാജ്യം ചൈനയാണ്. ഉത്തരകൊറിയയുടെ പ്രധാന വരുമാനമാര്‍ഗമായ ടെക്സ്റ്റയില്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരകൊറിയക്കാരായ വിദേശ തൊഴിലാളികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നതും നിരോധിച്ചു. ഭരണത്തലവന്‍ കിം ജോങ് ഉന്നിന് യാത്രാ വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ സ്വത്ത് മരവിപ്പിക്കണമെന്നുമുള്ള നിര്‍ദേശവും പ്രമേയത്തില്‍നിന്ന് നീക്കി. പുതിയ യു.എന്‍ ഉപരോധങ്ങളോട് കടുത്ത ഭാഷയിലാണ് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെഎന്‍സിഎ പ്രതികരിച്ചത്.

യു.എസ് അതിന് കനത്ത വിലനല്‍കേണ്ടിവരുമെന്നും ഏജന്‍സി മുന്നറിയിപ്പുനല്‍കി. എന്നാല്‍ ഉപരോധങ്ങള്‍ ശക്തമാക്കിയതില്‍ യു.എസ് ആഹ്ലാദിക്കുന്നില്ലെന്നും യുദ്ധം തങ്ങളുടെ ലക്ഷ്യമല്ലെന്നും അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി സൃഷ്ടിക്കന്നത് അപകടം ചെയ്യുമെന്ന് ഉത്തരകൊറിയന്‍ ഭരണകൂടം തിരിച്ചറിയണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് ഉപദേശിച്ചു. യു.എന്‍ പ്രമേയങ്ങള്‍ ലംഘിച്ച് വീണ്ടും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയ അന്താരാഷ്ട്ര പ്രതിഷേധങ്ങളെ അവഗണിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൈനിക നടപടിക്കു പകരം സമാധാനപരമായ പരിഹാരമാണ് ആവശ്യം. മേഖലയെ യുദ്ധത്തിലേക്കും കുഴപ്പത്തിലേക്കും തള്ളിവിടാന്‍ ചൈന ഒരിക്കലും അനുവദിക്കില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

chandrika: