മോസ്‌കോ: ഉത്തരകൊറിയയുടെ കൈയില്‍ ആണവായുധങ്ങള്‍ ഉണ്ടെന്ന് അമേരിക്കക്ക് അറിയാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. അതുകൊണ്ടാണ് യു.എസ് ഉത്തരകൊറിയയെ ആക്രമിക്കാത്തതെന്നും റഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഞാന്‍ ഉത്തരകൊറിയയെ ന്യായീകരിക്കുകയല്ല.എന്നാല്‍ അവരുടെ കൈയില്‍ ആണവായുധം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യു.എസ് ആക്രമിക്കാത്തത്. പ്രതിസന്ധി പരിഹരിക്കാന്‍ മൃദു സമീപനമാണ് ആവശ്യം. അതിന് അമേരിക്ക തയാറാകുന്നില്ലെങ്കില്‍ കൊറിയന്‍ മേഖലയിലെയും ജപ്പാനിലേയും തൊട്ടടുത്തുള്ള രാജ്യങ്ങളായ റഷ്യയിലേയും ചൈനയിലേയും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതമനുഭവിക്കേണ്ടിവരുമെന്ന് ലാവ്‌റോവ് മുന്നറിയിപ്പുനല്‍കി. ഭീഷണികള്‍ നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ആര്‍ക്കും ഗുണകരമാവില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് പറഞ്ഞു.