X

മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്’; പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ഉസ്മാന്റെ പ്രതികരണം

കൊച്ചി: പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊലീസിന്റെയും ആരോപണങ്ങള്‍ കള്ളമാണെന്ന് ഉസ്മാന്‍ പ്രതികരിച്ചു.

റോഡില്‍ വെച്ച് പൊലീസാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നും കസ്റ്റഡിയില്‍ എടുത്തതിനു ശേഷവും ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നെന്നും ഉസ്മാന്‍ പറഞ്ഞു. അതേസമയം, ഉസ്മാനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആസ്പത്രി വിട്ടാലുടന്‍ ഉസ്മാനെ ജയിലിലേക്ക് മാറ്റും. ഉസ്മാന് ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ഉസ്മാനെ മര്‍ദിച്ചത്. താടിയെല്ല് പൊട്ടി ആസ്പത്രിയില്‍ ചികിത്സയിലാണ് ഉസ്മാന്‍.

എടത്തല റോഡില്‍ വെച്ച് തന്നെ ആദ്യം മര്‍ദിച്ചതും പൊലീസുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്മാന്‍ പറഞ്ഞു. ടൂവീലറില്‍ ഇരുന്ന് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ കാര്‍ തട്ടി. ഇത് ചോദിച്ചതിനെത്തുടര്‍ന്ന് ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറാണ്. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്ന മര്‍ദിക്കുകയായിരുന്നു, ഉസ്മാന്‍ പറഞ്ഞു.

സമീപത്തെ വ്യാപാരികള്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പൊലീസുകാര്‍ തന്നെ കാറിലെടുത്തിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അപ്പോള്‍ മാത്രമാണ് അവര്‍ പൊലീസുകാരാണെന്ന് തനിക്ക് മനസ്സിലായത്. പിന്നീട് ക്രൂരമര്‍ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ഉസ്മാന്‍ പറഞ്ഞു.

ഉസ്മാനെ മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

chandrika: