ന്യൂഡല്‍ഹി: പാക്കിസ്താന്‍ ഒരു മരണക്കിണറാണെന്ന് അവിടെനിന്നും തിരിച്ച് ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ഉസ്മ. തോക്കിന്‍ മുനയില്‍ നിര്‍ത്തി പാക്കിസ്താന്‍കാരന്‍ വിവാഹം ചെയ്ത ഉസ്മ ഒട്ടേറെ യാതനകള്‍ അനുഭവിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഉസ്മ തിരിച്ചെത്തിയത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉസ്മ പലതും പറയാനാകാതെ വിങ്ങിപ്പൊട്ടി.
പാക്കിസ്താന്‍ ഒരു മരണക്കിണറാണ്. അവിടേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ അവിടെ നിന്ന് മടങ്ങുക അസാധ്യവുമാണെന്ന് ഉസ്മ പറഞ്ഞു. വീട്ടുകാര്‍ തീരുമാനിച്ച് വിവാഹം കഴിപ്പിച്ച് അയക്കുന്നവര്‍ക്കുപോലും അവിടെ നല്ല ജീവിതം ലഭിക്കുന്നില്ല. ഭീകരമായ സാഹചര്യത്തിലാണ് നിരവധി പേര്‍ ജീവിക്കുന്നത്. തന്റെ അവസ്ഥയില്‍ ജീവിക്കുന്ന നിരവധി പേര്‍ അവിടെയുണ്ടെന്നും ഉസ്മ പറയുന്നു.
സുഷമാസ്വരാജും മറ്റുള്ളവരും തന്ന ധൈര്യമാണ് ജീവിക്കാന്‍ കരുത്ത് നല്‍കിയത്. അല്‍പ്പദിവസം കൂടി അവിടെ കഴിയേണ്ടി വന്നാല്‍ അവിടെവെച്ച് കൊല്ലപ്പെടുമായിരുന്നു. ഓരോവീട്ടിലും മൂന്നോ നാലോ ഭാര്യമാരാണ്. ഫിലിപ്പീന്‍സ്, മലേഷ്യ പോലെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുപോവുകയാണ് അവര്‍ എന്നും ഉസ്മ കൂട്ടിച്ചേര്‍ത്തു.
20-ാം വയസ്സിലാണ് ഉസ്മ പാക്കിസ്താന്‍ സ്വദേശിയായ താഹിര്‍ അലിയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. തോക്കിന്‍ മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ചാണ് താഹിര്‍ തന്നെ വിവാഹം കഴിച്ചതെന്ന് ഉസ്മ ഇസ്ലാമാബാദ് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണെന്ന് കോടതിയെ അറിയിച്ച അവര്‍ ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നത്.