X

ബാര്‍സിലോണ സ്പാനിഷ് ലാലീഗയില്‍ അശ്വമേഥം തുടരുന്നു

ബാര്‍സിലോണ: ക്ലബിന് വേണ്ടി കളിക്കുന്ന 600-ാമത്തെ മല്‍സരത്തില്‍ ലിയോ മെസി ഒരു തവണ പോലും സ്‌ക്കോര്‍ ചെയ്തില്ല… ഗോള്‍ വേട്ടക്കാരന്‍ ലൂയിസ് സുവാരസാവട്ടെ പല അവസരങ്ങളും പതിവ് പോലെ തുലച്ചു. എന്നിട്ടും ബാര്‍സിലോണ ശക്തരായ സെവിയയെ 2-1ന് കീഴക്കി സ്പാനിഷ് ലാലീഗയില്‍ അശ്വമേഥം തുടരുന്നു. സൂപ്പര്‍ താരങ്ങളുടെ സംഘത്തില്‍ ഇത്തവണ നിറയൊഴിച്ചത് പാസോ അല്‍സാസര്‍ എന്ന പുത്തന്‍ പ്രതിഭ. രണ്ട് ഗോളും ഈ താരം സ്വന്തമാക്കിയപ്പോള്‍ ലാലീഗയില്‍ ബാര്‍സ നൂറില്‍ നൂറ് മാര്‍ക്കുമായി കുതിക്കുന്നു. ഉത് വരെ ടീമിന് തോല്‍വിയില്ല. ഇപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡുമായുള്ള പോയന്റ്് അന്തരം ചില്ലറയല്ല-പതിനൊന്ന്…! റയല്‍ ഇന്ന് പുലര്‍ച്ചെ ലാസ്പാമസുമായി കളിക്കുന്നുണ്ട്. തപ്പി തടഞ്ഞ് മുന്നേറുന്ന സൈനുദ്ദിന്‍ സിദാന്റെ സംഘം സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ സ്വന്തം മൈതാനത്ത് പോലും തോല്‍ക്കുമ്പോള്‍ സീസണില്‍ ഇത് വരെ സ്വന്തം മൈതാനത്ത് തോറ്റിട്ടില്ല എന്ന റെക്കോര്‍ഡും കാത്ത് സൂക്ഷിച്ചാണ് ബാര്‍സുടെ മുന്നേറ്റം.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ ക്ലബുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ ടീമാണ് സെവിയെ.

കരുത്തരുടെ സംഘം. പക്ഷേ മഴ വില്ലനായി അവതരിച്ചിട്ടും മെസിയും സംഘവും പതിവ് പോലെ ആദ്യ പകുതിയില്‍ കരുത്ത് കാട്ടി മുന്നേറി. നെയ്മര്‍ പാരിസ് സെന്റ്് ജര്‍മനിലേക്ക് ചേക്കേറിയപ്പോള്‍ പുതിയ സീസണില്‍ എല്ലാവരും എഴുത്തി തള്ളിയിരുന്നു എര്‍ണസ്റ്റോ വെല്‍വാര്‍ഡെ പരിശീലിപ്പിക്കുന്ന ബാര്‍സ സംഘത്തെ. പക്ഷേ ഇന്നലെ അദ്ദേഹത്തിന്റെ സംഘം ചെറിയ രാജ്യാന്തര ഇടവേളയിലേക്ക് പോവുന്നത് ലീഗില്‍ കേവലം രണ്ട് പോയന്റ്് മാത്രം നഷ്ടപ്പെടുത്തിയാണ്-അതായത് രണ്ട് സമനിലകള്‍. മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേട്ടത്തിനരികിലായിരുന്നു ബാര്‍സ. സെര്‍ജിയോ ബസ്‌ക്കിറ്റസിന്റെ സുന്ദരമായ പാസ് പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് സ്വീകരിച്ച മെസി-പക്ഷേ ഷോട്ടില്‍ പാളി. അല്‍പ്പം വിത്യാസത്തില്‍ പന്ത് പുറത്തായത് മുതല്‍ കാണികള്‍ ആരവങ്ങള്‍ മുഴക്കി തുടങ്ങിയിരുന്നു.

പിറകെ ഒറ്റയാന്‍ മുന്നേറ്റവുമായി സുവാരസ് ബോക്‌സില്‍ കയറി തൊടുത്ത ഷോട്ട് ദുര്‍ബലമായി-പന്ത് നേരെ ഗോള്‍ഡക്കീപ്പര്‍ ഡേവിഡ് സോറിയയുടെ കരങ്ങളിലേക്ക്. കറ്റലോണിയന്‍ പ്രക്ഷോഭത്തിന്റെ അലയൊലികള്‍ മായാതെ നില്‍ക്കുമ്പോള്‍, കനത്ത മഴയിലും കാണികളുടെ പിന്തുണയില്‍ മെസിയും സുവാരസും വീണ്ടും പെനാല്‍ട്ടി ബോക്‌സ് വേട്ട നടത്തി. കറ്റലോണിയന്‍ വിഷയത്തില്‍ പിറകോട്ടിലെന്ന് സ്‌പെയിന്‍ ഭരണകൂടം പ്രഖ്യാപിക്കുകയും കറ്റലോണിയക്ക് സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും നുവോ കാംപ് കവാടത്തില്‍ തന്നെ വലി കറ്റലോണിയന്‍ പതാക തൂക്കിയായിരുന്നു ആരാധകരുടെ പ്രതിഷേധം. സ്‌റ്റേഡിയത്തില്‍ കണ്ട ബാനറും ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, യൂറോപ്പ് നിങ്ങളെയോര്‍ത്ത് ഖേദിക്കുന്നു തുടങ്ങിയ വാചകങ്ങളായിരുന്നു ബാനറുകളില്‍. കറ്റലോണിയന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ അടക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുക എന്നതായിരുന്നു ബാനര്‍ ഉയര്‍ത്തിയവരുടെ ലക്ഷ്യം.

മല്‍സരം പകുതി സമയത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു പാസോയുടെ ഗോള്‍. സെവിയെ ഡിഫന്‍സിന്റെ പിഴവില്‍ നിന്നും പന്ത് റാഞ്ചിയുളള അവസരോചിത ഗോള്‍. അപ്പോള്‍ പാസോയുടെ അരികില്‍ സുവാരസുണ്ടായിരുന്നു.യൂറോപ്പിലെ ഗോള്‍ വേട്ടക്കാരനായ ഉറുഗ്വേക്കാരന്‍ കഴിഞ്ഞ കൂറെ മല്‍സരങ്ങളായി സ്‌ക്കോര്‍ ചെയ്തിട്ട്. 393 മിനുട്ടായി അദ്ദേഹം സ്‌ക്കോര്‍ ചെയ്യാതെ കളിക്കുന്നു. ധാരാളം ഗോളുകള്‍ ഇതിനകം ക്ലബിനായി സമ്മാനിച്ചിട്ടുളള സുവാരസ് ഇത്ര ദീര്‍ഘസമയം ഗോള്‍ വേട്ട നടത്താതെ ഇരുന്നിട്ടില്ല.രണ്ടാം പകുതിയില്‍ ബാര്‍ അല്‍പ്പം പതരി. അവസരം ഉപയോഗപ്പെടുത്തി ഗെഡോ പിസാറോ സെവിയയെ ഒപ്പമെത്തിച്ചു. സ്വന്തം വലയില്‍ ഗോള്‍ വീണതോടെ ബാര്‍സ ഉണര്‍ന്നെഴുന്നേറ്റു. ജെറാര്‍ഡ് പിക്വയുടെ ലോംഗ് റേഞ്ചര്‍ ബാറില്‍ തട്ടി മങ്ങി. പിറകെ റാക്റ്റിച്ചിന്റെ ക്രോസില്‍ പിസോയുടെ രണ്ടാം ഗോള്‍. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ജിറോന 2-1ന് ലാവന്തയെ കീഴടക്കി.

സ്പാനിഷ് ലാലീഗ

പോയന്റ് ടേബിള്‍

(ടീം പോയന്റ് എന്ന ക്രമത്തില്‍)
1-ബാര്‍സിലോണ-31
2-വലന്‍സിയ-27
3-അത്‌ലറ്റികോ മാഡ്രിഡ്-23
4- റയല്‍ മാഡ്രിഡ്-20
5-സെവിയെ-19

chandrika: