ഭോപ്പാല്‍: മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്ന ഇടമാണെന്ന ബി.ജെ.പി മന്ത്രി ഉഷാ താക്കൂറിന്റെ പരാമര്‍ശം വിവാദത്തില്‍. മദ്രസകളും സംസ്‌കൃത പഠനകേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന അസം സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂറിന്റെ വര്‍ഗീയ പരാമര്‍ശം. ഇന്ദോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉഷ താക്കൂറിന്റെ പരാമര്‍ശം.
മദ്രസയില്‍ പഠിച്ച എല്ലാ തീവ്രവാദികളും ജമ്മു കശ്മീരിനെ ഒരു ഭീകര ഫാക്ടറിയാക്കി മാറ്റിയെന്നും ഇവര്‍ ആരോപിച്ചു.
ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതി ഉറപ്പാക്കണമെന്ന് ഇവര്‍ പറയുന്നു.
നേരത്തെ ഉഷാ താക്കൂര്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ‘ദേശീയവാദി’ എന്ന് പ്രശംസിച്ചിരുന്നു. ഇതിന് മുമ്പും ഇവര്‍ നിരവധി തവണ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിരുന്നു.
അതേസമയം, ഈ വര്‍ഷം നവംബറോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസ, സംസ്‌കൃത സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് അസാം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിക്കണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടിരുന്നു.