തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ചെലവേറും. രാജ്യാന്തര, ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഉപഭോക്തൃ സേവന നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണിത്.
ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി വിമാനത്താവള അതോറിറ്റിക്ക് കൈമാറി. രാജ്യാന്തര യാത്രക്കാര്‍ക്ക് യൂസര്‍ ഫീ 575 രൂപയില്‍ നിന്ന് 950 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതുവരെ യൂസര്‍ ഫീസ് ഇല്ലാതിരുന്ന ആഭ്യന്തര യാത്രികര്‍ക്ക് ഇനി മുതല്‍ 450രൂപ നല്‍കേണ്ടിവരും. പുതിയ നിരക്കുകള്‍ ജൂലൈ മുതല്‍ നിലവില്‍ വരും.
ഉപഭോക്തൃ സേവന നിരക്ക് വര്‍ധിപ്പിച്ച് എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി ജൂണ്‍ രണ്ടിന് ഉത്തരവിറക്കിയിരുന്നു. ഇതിനോടൊപ്പം വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 2020-21 വരെ ഓരോ വര്‍ഷവും അന്താരാഷ്ട്ര യാത്രക്കാരുടെ യൂസര്‍ഫീസില്‍ 40 രൂപയുടെ വര്‍ധനവുണ്ടാകും. ആഭ്യന്തര യാത്രികര്‍ക്ക് 18-19 രൂപവരെ വര്‍ധനവ് വരും. ഈ കണക്ക് അനുസരിച്ച് 2020 മാര്‍ച്ചില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 1069 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 506 രൂപയും യൂസര്‍ ഫീസായി നല്‍കേണ്ടിവരും. വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള നിരക്കും പാര്‍ക്കിംഗ് ചാര്‍ജും ഉള്‍പ്പെടെയുള്ളവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതും ടിക്കറ്റ് നിരക്കായി യാത്രക്കാരന്റെ തലയില്‍ തന്നെ വന്നുചേരും. ഇതു കൂടാതെ സുരക്ഷയുമായി ബന്ധപ്പെട്ട് പാസഞ്ചര്‍ സര്‍വീസ് ഫീസായി 130 രൂപയും യാത്രക്കാര്‍ നല്‍കേണ്ടിവരും.
രാജ്യാന്തര യാത്രികര്‍ക്കുള്ള യൂസര്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാനും ആഭ്യന്തര യാത്രക്കാര്‍ക്ക് പുതിയതായി യൂസര്‍ ഫീസ് ഏര്‍പ്പെടുത്താനുമുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിമാനത്താവള വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും യൂസര്‍ ഫീസ് ഈടാക്കുന്നില്ല.
തിരുവനന്തപുരത്ത് 2011ല്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ തന്നെ യൂസര്‍ ഫീസ് നിശ്ചയിക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യാന്തര യാത്രക്കാര്‍ക്ക് 1020 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 550 രൂപയുമായിരുന്നു ഫീസ് നിശ്ചയിച്ചിരുന്നത്.
ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്കുമൊടുവില്‍ ഫീസ് കുറക്കുകയായിരുന്നു.