ലണ്ടന്‍: ഒളിംപിക്‌സ് ചരിത്രത്തില്‍ വിഖ്യാതനാണ് ഉസൈന്‍ ബോള്‍ട്ട്. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ ഇപ്പോഴുമുണ്ട് കാല്‍പ്പന്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബും. മാഞ്ചസ്റ്ററിനായി പന്ത് തട്ടണമെന്നതാണ് വലിയ സ്വപ്നം. ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുമോ ജമൈക്കന്‍ സൂപ്പര്‍ റണ്ണര്‍…? ജര്‍മന്‍ ക്ലബായ ബൊറുഷ്യ ഡോര്‍ട്ട്മണ്ടില്‍ പരിശീലനത്തിനെത്തുകയാണ് ബോള്‍ട്ട്. ലക്ഷ്യം മാഞ്ചസ്റ്റര്‍ യുനൈറ്റഡും.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബോള്‍ട്ട്് ട്രാക്ക് വിട്ടത്. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി രാജകീയമായി വിരമിക്കാന്‍ മോഹിച്ച താരത്തിന് പക്ഷേ വെങ്കലമാണ് അവസാന മീറ്റില്‍ ലഭിച്ചത്. സ്പ്രിന്റ് റിലേയില്‍ നിന്നും അദ്ദേഹം പരുക്കുമായി പിന്മാറുകയും ചെയ്തു. മാര്‍ച്ചില്‍ ബൊറുഷ്യയില്‍ ട്രയല്‍സില്‍ പങ്കെടുക്കാനാണ് ബോള്‍ട്ട് ആഗ്രഹിക്കുന്നത്. ട്രയല്‍സില്‍ ക്ലബ് സംതൃപ്തരായാല്‍ തന്റെ പുതിയ ഭാവി അവിടെ കുറിക്കപ്പെടുമെന്നും ബോള്‍ട്ട് പറയുന്നു. അത്‌ലറ്റക്‌സിലേക്ക് വരുന്നതിന് മുമ്പ് ജമൈക്കയില്‍ ഫുട്‌ബോളറായിരുന്നു ബോള്‍ട്ട്. തന്റെ വലിയ മോഹം ഫുട്‌ബോളറാവുകയെന്നതാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുമുണ്ട്. പക്ഷേ ട്രാക്കിലെത്തിയതിന് ശേഷം ഇതിഹാസം രചിച്ച താരം 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സ്, 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ്, 2016 ലെ റിയോ ഒളിംപിക്‌സ് എന്നിവിടങ്ങളില്‍ ഹാട്രിക് സ്വര്‍ണവുമായി ട്രാക്ക് നിറയുകയായിരുന്നു. പക്ഷേ അദ്ദേഹം ആഗ്രഹിച്ച യാത്രയയപ്പ് ട്രാക്കില്‍ നിന്നും ലഭിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തോടെ വിരമിക്കാന്‍ കൊതിച്ചെത്തിയ താരത്തിന് മുന്നില്‍ വില്ലനായി മാറുകയായിരുന്നു യു.എസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍. ലണ്ടനിലെ 100 മീറ്ററില്‍ മൂന്നാം സ്ഥാനത്താണ് ഇതിഹാസ താരമെത്തിയത്.