വാഷിങ്ടണ്‍: വൈറ്റ്ഹൗസിന്റെ താക്കോല്‍ ആരുടെ കൈയില്‍ വരുമെന്ന ചോദ്യത്തിന്റെ മറുപടി അമേരിക്കന്‍ സ്റ്റേറ്റുകള്‍ എങ്ങോട്ട് ചായുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ഇന്ത്യാനയിലും കെന്റുകിയിലുമാണ് ആദ്യം വോട്ടെടുപ്പ് അവസാനിക്കുക.
ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ഒഹിയോ, പെന്‍സില്‍വാനിയ, വെര്‍ജീനിയ എന്നീ അഞ്ച് സ്‌റ്റേറ്റുകളിലായിരിക്കും ഫലത്തിനുവേണ്ടി കാത്തിരിക്കുന്നവരുടെ മുഴുവന്‍ ശ്രദ്ധ. ഇവിടങ്ങളില്‍ മൂന്നിടത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ പോരാട്ടം ശക്തമാണെന്ന് ഉറപ്പിക്കാം. വിജയസാധ്യത വീണ്ടും കാത്തിരിക്കേണ്ടി വരും.
നാലിടത്തോ അല്ലെങ്കില്‍ അഞ്ച് സ്‌റ്റേറ്റുകളിലോ അദ്ദേഹം വിജയിക്കുകയാണെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണിന്റെ നില പരുങ്ങലിലാണെന്ന് ഉറപ്പിക്കാം. ഈ അഞ്ച് സ്റ്റേറ്റുകളിലും ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഈ സംസ്ഥാനങ്ങള്‍ രണ്ട് പക്ഷത്തേക്കും നിന്നിട്ടുണ്ടെന്നതും ചരിത്രം.
ഇവിടങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണെങ്കില്‍, മെയിന്‍, വിസ്‌കോന്‍സിന്‍, മിഷിഗണ്‍, ന്യൂം ഹാംപ്‌ഷെയര്‍, അരിസോണ, കൊളറാഡോ, അയോവ, നവാഡ സ്‌റ്റേറ്റുകളിലെ ഫലങ്ങളിലേക്കായിരിക്കും നിരക്ഷീകരുടെ ശ്രദ്ധ. ജനകീയ വോട്ടുകളുടെ അടിസ്ഥാനത്തിലല്ല യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിയെ തീരുമാനിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ജനകീയ വോട്ട് എതിരായാലും ഇലക്ടറല്‍ വോട്ടുകളുടെ പിന്തുണയോടെ പ്രസിഡണ്ടായവര്‍ നിരവധിയാണ്.