ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്‍ അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും.
ആഫ്രിക്കന്‍ യുദ്ധം
ഗാബോണില്‍ മാസങ്ങള്‍ക്ക് മുമ്പൊരു ആഫ്രിക്കന്‍ പോരാട്ടമുണ്ടായിരുന്നു. അണ്ടര്‍-17 ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാലിയും ഘാനയും മുഖാമുഖം. വന്‍കരയിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള ആ അങ്കത്തില്‍ മാലി ഒരു ഗോളിന് ജയിക്കുന്നു. ആദ്യ പകുതിയില്‍ മുഹമ്മദ് സമാക്കറുടെ തലയില്‍ നിന്നും പിറന്ന ഗോളായിരുന്നു മാലിക്ക് കരുത്തായത്. അന്നത്തെ ആ പോരാട്ടത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇന്ന് നടക്കാന്‍ പോവുന്നത്. രണ്ട് രാജ്യക്കാരും ഒരേ ശൈലിക്കാരാണ്. അതിവേഗമാണ് ഇരുവരുടെയും മുഖമുദ്ര. തളരാതെ അവസാനം വരെ പോരാടും. ഒരു താരത്തില്‍ കാര്യങ്ങള്‍ കേന്ദ്രീകരിക്കുന്നില്ല. ടീം ഗെയിമില്‍ വിശ്വാസം. ഇന്ത്യയില്‍ ആദ്യമായി കളിക്കുന്നവരാണ് ഇരുവരും. ഗ്രൂപ്പ് ഘട്ടത്തില്‍ മാലിക്കാര്‍ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ലാറ്റിനമേരിക്കക്കാരായ പരാഗ്വേക്ക് മുന്നില്‍ 2-3 ന്. എന്നാല്‍ അടുത്ത മല്‍സരത്തില്‍ യൂറോപ്പില്‍ നിന്നുമെത്തിയ തുര്‍ക്കിയെ മൂന്ന്് ഗോളിന് മറികടന്നു. ഗ്രൂപ്പിലെ അതിനിര്‍ണായക അവസാന മല്‍സരത്തിലാവട്ടെ ഓഷ്യാനക്കാരായ കിവീസിനെ 3-1ന് മറികടന്നു. ഇ മൂന്ന് മല്‍സരങ്ങളോടെ ഇന്ത്യന്‍ കാലാവസ്ഥയുമായി പരിചയപ്പെട്ട ടീം പ്രി ക്വാര്‍ട്ടറില്‍ കരുത്തരായ ഇറാഖിനെ 1-5 ന് തരിപ്പണമാക്കി കളഞ്ഞു.
ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ നിന്നായിരുന്നു ഘാനയുടെ കുതിപ്പ്. ആദ്യ മല്‍സരത്തില്‍ കൊളംബിയക്കാരെ ഒരു ഗോളിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം മല്‍സരത്തില്‍ അമേരിക്കക്ക് മുന്നില്‍ തല കുനിച്ചു. മൂന്നാം പോരാട്ടത്തിലാവട്ടെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വെല്ലുവിളി സ്വീകരിച്ച ടീം ആദ്യാവസാനം അത്യാവേശ ഫുട്‌ബോളുമായി കളം നിറഞ്ഞു. ഇന്ത്യന്‍ വലയില്‍ നാല് തവണ പന്തെത്തി. പ്രി ക്വാര്‍ട്ടറില്‍ ശക്തമായ വെല്ലുവിളി ഘാനക്കുണ്ടായിരുന്നില്ല. സ്വന്തം വന്‍കരക്കാരായ നൈജറായിരുന്നു എതിരാളികള്‍. രണ്ട് ഗോളിന് വിജയിക്കുകയും ചെയ്തു.
ഇന്നത്തെ പ്ലാന്‍….? പരിശീലകര്‍ പക്ഷേ മനസ്സ് തുറക്കുന്നില്ല. പ്രതിരോധം ഭദ്രമാക്കി ആക്രമിക്കുക എന്നതാണ് പ്ലാന്‍. ഇത് വരെയുള്ള മല്‍സരങ്ങള്‍ മാനദണ്ഡമാക്കിയാല്‍ ഘാനക്കാണ് അല്‍പ്പം മുന്‍ത്തൂക്കം
മഡ്ഗാവില്‍ ഇംഗ്ലീഷ് കുതിപ്പ് തടയുക എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളിി. പതിനൊന്ന് ഗോളുകളാണ് ആദ്യ ഘട്ടത്തില്‍ ഇംഗ്ലണ്ടുകാര്‍ നേടിയത്. ചിലിയെ നാല് ഗോളിന് തോല്‍പ്പിച്ചു. മെക്‌സിക്കോയെ 3-2ന് വീഴ്ത്തി. അവസാന പോരാട്ടത്തില്‍ ഇറാഖിനെ നാല് ഗോളിന് തകര്‍ത്തു. പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പക്ഷേ ജപ്പാന് മുന്നില്‍ അവര്‍ വിയര്‍ത്തു. മുന്‍നിരക്കാര്‍ തകര്‍ത്തു കളിച്ചിട്ടും ഗോള്‍ മാത്രം പിറന്നില്ല. അവസാനം ഷൂട്ടൗട്ട് ഭാഗ്യത്തിലാണ് ടീം കര കയറിയത്. അമേരിക്കയാവട്ടെ പതുക്കെ തുടങ്ങി ഇപ്പോള്‍ കത്തി കയറി വരുന്നവരാണ്. പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വേയെ അഞ്ച് ഗോളിനാണ് അവര്‍ തരിപ്പണമാക്കിയത്. ഇന്ത്യയെ മൂന്ന് ഗോളിന് തകര്‍ത്താണ് അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്. ഘാനക്കെതിരെ ഏക ഗോള്‍ ജയം. കൊളംബിയക്ക് മുന്നില്‍ പക്ഷേ അടിപതറി. സെമിയിലെത്തുക മാത്രമല്ല കപ്പ് സ്വന്തമാക്കുകയാണ് തന്റെ ടീമിന്റെ പ്ലാനെന്ന് ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കൂപ്പര്‍ വ്യക്തമാക്കുമ്പോള്‍ അമേരിക്കന്‍ പരിശീലകന്‍ അവകാശവാദങ്ങള്‍ക്കൊന്നുമില്ല.