X

അമേരിക്കയെ വിഭജിച്ച് പ്രതിമകള്‍

 

വാഷിങ്ടണ്‍: അടിമത്വത്തെ ചൊല്ലിയുള്ള ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മകള്‍ ഇന്നും അമേരിക്കന്‍ മനസിനെ കീറിമുറിച്ച് അവശേഷിക്കുന്നുണ്ട്. വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ വെള്ളക്കാരായ തീവ്രദേശീയവാദികള്‍ നടത്തുന്ന പ്രക്ഷോഭവും അക്രമങ്ങളും പഴയ അടിമത്ത ഓര്‍മകളെ കെടാതെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്.
ആഭ്യന്തരയുദ്ധ കാലത്ത് അടിമത്വത്തെ അനുകൂലിച്ചിരുന്ന കോണ്‍ഫഡറേറ്റ് സേനയുടെ ചുമതലക്കാരനായിരുന്ന ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യാനുള്ള പദ്ധതിക്കെതിരെയാണ് തീവ്രദേശീയവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ അത്തരം 709 കോണ്‍ഫഡറേറ്റ് പ്രതിമകള്‍ ഇന്നും ഇളക്കം തട്ടാതെ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.
ആഭ്യന്തര യുദ്ധത്തിന്റെ അവസാന കാലത്ത് കീഴടങ്ങിയ തെക്കന്‍ മേഖലയുടെ ജനറലായിരുന്നു റോബര്‍ട്ട് ലീ. ഇദ്ദേഹത്തിന്റെ പ്രതിമ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വെര്‍ജീനിയയില്‍ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ ലെക്‌സിങ്ടണും ബാള്‍ട്ടിമോറും കെന്റുകിയും മെറിലന്റുമെല്ലാം കോണ്‍ഫഡറേറ്റ് ജനറല്‍മാരുടെ പ്രതിമകള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കറുത്തവര്‍ഗക്കാരായ പട്ടാളക്കാരെ കൂട്ടക്കൊല ചെയ്തതില്‍ പങ്കുള്ള ക്ലു ക്ലക്‌സ് ക്ലാന്‍ നേതാവായ കോണ്‍ഫഡറേറ്റ് ജനറലിന്റെ പ്രതിമ പോലും അമേരിക്കയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.
ഡര്‍ഹിയിലുള്ള ഇയാളുടെ പ്രതിമ ഫാഷിസ്റ്റ് വിരുദ്ധര്‍ തകര്‍ത്തത് വെള്ളക്കാരായ ദേശീയവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
2016 ഏപ്രിലിനു ശേഷം അമേരിക്കയില്‍ ഒമ്പത് കോണ്‍ഫഡറേറ്റ് പ്രതിമകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂ ഓര്‍ലീന്‍സിലെ പ്രതിമ നീക്കം ചെയ്ത തൊഴിലാളികള്‍ക്ക് ആക്രമണം ഭയന്ന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഫഡറേറ്റ് പ്രതിമകള്‍ നീക്കണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. അടിമത്വത്തെ മഹത്വവത്കരിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനെതിരെ ഫാഷിസ്റ്റ് വിരുദ്ധ സംഘടനകള്‍ നടത്തിയ റാലിയിലേക്ക് നാസി അനുകൂലിയായ ഒരാള്‍ കാര്‍ ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. പ്രതിമകള്‍ക്കു പുറമെ കോണ്‍ഫഡറേറ്റ് പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവും ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. 2015ല്‍ ഷാര്‍ലെസ്റ്റണില്‍ കറുത്തവര്‍ഗക്കാരായ ഒമ്പതുപേരെ വെള്ളക്കാരനായ തീവ്രദേശീയവാദി കൊലപ്പെടുത്തിയിരുന്നു. കോണ്‍ഫഡറേറ്റ് ചിഹ്നങ്ങളോട് എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ ഇപ്പോഴും അമേരിക്കയില്‍ ചര്‍ച്ച തുടരുകയാണ്.

chandrika: