ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി. കൗണ്‍സില്‍ അന്ധമായ ഇസ്രാഈല്‍ വിരോധം പ്രകടിപ്പിക്കുന്ന സമിതിയാണെന്ന് ആരോപിച്ചാണ് അമേരിക്ക പിന്മാറിയത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതി തികഞ്ഞ പരാജയമായതിനാല്‍ സമിതി അംഗത്വം യു.എസ് ഉപേക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെയാണ് അറിയിച്ചത്.
മനുഷ്യാവകാശ കൗണ്‍സിലിന് മാറ്റങ്ങള്‍ വരുത്താന്‍ ഒരുപാട് അവസരങ്ങള്‍ തുടര്‍ച്ചയായി അമേരിക്ക നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് പിന്മാറ്റമെന്നും അവര്‍ അറിയിച്ചു. മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്ന ഇരട്ടത്താപ്പുള്ള സ്വയം സന്നദ്ധ സംഘടനയുടെ ഭാഗമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഹാലെ പറഞ്ഞു.
യു.എസ് സെക്രട്ടറി മൈക്ക് പോംപെക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിക്കി ഹാലെ പിന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങളെ വളരെ ദുര്‍ബലമായ രീതിയില്‍ പ്രതിരോധിക്കുന്ന സ്ഥാപനമാണ് മനുഷ്യാവകാശ കൗണ്‍സിലെന്ന് മൈക്ക് പോംപെ കുറ്റപ്പെടുത്തി. മനുഷ്യവകാശ ലംഘനം നടത്തുന്ന ക്യൂബ, വെനസ്വേല പോലുള്ള രാജ്യങ്ങള്‍ ഉള്ളപ്പോള്‍ ഇസ്രാഈലിനെതിരെയാണ് കൂടുതല്‍ തവണ സംഘടന നടപടി എടുത്തിട്ടുള്ളതെന്നും ഇസ്രാഈലിനുവേണ്ടി സംസാരിച്ചു കൊണ്ട് ഹാലെ വ്യക്തമാക്കി.
അതേസമയം, അമേരിക്കന്‍ നടപടി നിരാശാജനകമാണെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി സെയ്ദ് ബിന്‍ റാദ് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍കൈയെടുക്കുകയാണ് അമേരിക്കയെ പോലൊരു രാജ്യം ചെയ്യേണ്ടതെന്നും അല്ലാതെ പിന്മാറുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമിതിയില്‍ തുടരുകയായിരുന്നു അമേരിക്ക ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ് പറഞ്ഞു.