X

യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് യു.എസ് പിന്മാറി

ന്യൂയോര്‍ക്ക്: ഇസ്രാഈലിനെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് പിന്മാറി. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് സമിതിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്. രാഷ്ട്രീയ പക്ഷപാതങ്ങളുടെ കുപ്പത്തൊട്ടിയാണ് യു.എന്‍ മനുഷ്യാവകാശ സമിതിയെന്ന് ഹാലി കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്ന കപട സമിതിയാണ് അത്. ഇസ്രാഈലിനോട് തീരാത്ത ശത്രുത പ്രകടിപ്പിക്കുന്ന സമിതി കപടവും സ്വയം സേവകവുമാണെന്ന് അവര്‍ പറഞ്ഞു. മനുഷ്യാവകാശ ധ്വംസകരുടെ സംരക്ഷകനാണ് സമിതിയെന്നും നിക്കി ഹാലി ആരോപിച്ചു.

ഗസ്സയിലെ അതിര്‍ത്തിയില്‍ ഫലസ്തീനികളെ വെടിവെച്ചുകൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതാണ് യു.എന്‍ മനുഷ്യാവകാശ സമിതിയോട് അമേരിക്കക്ക് ശത്രുത കൂടാന്‍ കാരണം. ഗസ്സയില്‍ ഇസ്രാഈല്‍ സേന നിരായുധരായ 130 പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിനെ സമിതി അപലപിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സാന്നിദ്ധ്യത്തിലാണ് മനുഷ്യവാകാശ സമിതിയില്‍നിന്ന് യു.എസ് പിന്മാറുന്ന വിവരം നിക്കി ഹാലി പ്രഖ്യാപിച്ചത്. അമേരിക്കയുടെ തീരുമാനത്തെ വിവിധ രാഷ്ട്രത്തലവന്മാരും മനുഷ്യാവകാശ സംഘടനകളും രൂക്ഷമായി വിമര്‍ശിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടത്തിയ പ്രഖ്യാപനം നിരാശാജനകമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി കമ്മീഷണര്‍ സയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. പക്ഷെ, അത്തരമൊരു തീരുമാനത്തില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഇന്നത്തെ മനുഷ്യാവകാശ സ്ഥിതിഗതികള്‍ പരിഗണിക്കുമ്പോള്‍ അമേരിക്ക കൂടുതല്‍ മുന്നോട്ടുവരുകയാണ് വേണ്ടതെന്നും പിന്നോട്ട് പോകരുതെന്നും ഹുസൈന്‍ പറഞ്ഞു. യു.എസ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സമിതിയില്‍ തുടരുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

ലോകവേദിയില്‍ ജനാധിപത്യത്തിന്റെ പോരാളിയും സംരക്ഷകനുമെന്ന നിലയിലുള്ള അമേരിക്കയുടെ പങ്കിനെ തകിടം മറിക്കുന്നതാണ് യു.എസ് നീക്കമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ഖേദകരമെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ പ്രതികരണം. അമേരിക്കയുടെ തീരുമാനത്തെ ഇസ്രാഈല്‍ സ്വാഗതം ചെയ്തു. ധീരമായ നീക്കമെന്നാണ് ഇസ്രാഈല്‍ അതിനെ വിശേഷിപ്പിച്ചത്. യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് അത്ഭുതമില്ല. 2017ല്‍ അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ ആയതുമുതല്‍ തന്നെ നിക്കി ഹാലി മനുഷ്യാവകാശ സമിതിയെ വിമര്‍ശിച്ചു തുടങ്ങിയിരുന്നു. ഇസ്രാഈലിനോട് കടുത്ത വിവേചനമാണ് സമിതി കാട്ടുന്നതെന്നും വഴിക്കു വന്നില്ലെങ്കില്‍ യു.എസ് പിന്മാറുമെന്നും അവര്‍ പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. ഫലസ്തീനില്‍ ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും കുടിയേറ്റ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്നതാണ് അമേരിക്ക യു.എന്‍ സമിതിക്കെതിരെ തിരിയാന്‍ കാരണം.

കഴിഞ്ഞ ദിവസം യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരായ മാതാപിതാക്കളില്‍നിന്ന് കുട്ടികളെ വേര്‍പെടുത്തി തടവറയില്‍ പാര്‍പ്പിക്കുന്നതിനെ സയ്ദ് റഅദ് അല്‍ ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇസ്രാഈലിനെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.

chandrika: