X

ഫലസ്തീന്‍: പ്രമേയത്തെ എതിര്‍ത്ത് യു.എസ് ഒറ്റപ്പെട്ടു

യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന്‍ ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി അമേരിക്ക വീണ്ടും ഇസ്രാഈലിനെ ചിറകിലൊതുക്കി. സമീപ കാലത്ത് ഗസ്സയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റപ്പടുത്തിയ ഏക രാജ്യമെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് അമേരിക്ക.

ഗസ്സയില്‍ 120ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കുവൈത്ത് അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടന്‍, പോളണ്ട്, നെതര്‍ലാന്‍ഡ്‌സ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

ഇസ്രാഈലിന്റെ സ്വന്തക്കാരനായ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത ഏക രാഷ്ട്രം. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സമൂഹം സംരക്ഷണം നല്‍കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. മൂന്നു തവണ മാറ്റംവരുത്തി ഭേദഗതിയോടെയാണ് അവതരിപ്പിച്ചതെങ്കിലും അനുകൂലിക്കാന്‍ അമേരിക്ക തയാറായില്ല. പ്രമേയം ഏകപക്ഷീയമാണെന്നായിരുന്നു അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലിയുടെ പ്രതികരണം. ഇസ്രാഈലിനോടുള്ള അന്തമായ വിധേയത്വം ഒരിക്കല്‍ കൂടി തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ് അമേരിക്കയെന്ന് പി.എല്‍.ഒ എക്‌സിക്യൂട്ടീവ് അംഗം ഹനാന്‍ അഷ്‌റവി പറഞ്ഞു.

കൂട്ടക്കുരുതികളും യുദ്ധകുറ്റകൃത്യങ്ങളും തുടരുന്ന ഇസ്രാഈലിന്റെ എന്ത് ക്രൂരതകളും അംഗീകരിക്കാന്‍ തയാറാണന്നും യു.എസ് തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേയത്തില്‍നിന്ന് ഇസ്രാഈലിന്റെ പേര് ഒഴിവാക്കിയിട്ടുകൂടി എന്തുകൊണ്ടാണ് അമേരിക്ക എതിര്‍ത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

chandrika: