വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ തടഞ്ഞ് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന വിദേശികളുടെ പ്രവേശനം തടയുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. ഫെഡറല്‍ രജിസ്റ്ററില്‍ പോസ്റ്റ് ചെയ്ത രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പുതിയ ചട്ടം പ്രകാരം അമേരിക്കയില്‍ നോണ്‍ ഇമ്മിഗ്രന്റ് വിസക്ക് അപേക്ഷിക്കുന്നവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതായും വരും. ഇതിന് പുറമേ കഴിഞ്ഞ 15 വര്‍ഷത്തെ ബയോഗ്രാഫിക്കല്‍ വിവരങ്ങളും വിസക്കുള്ള അപേക്ഷക്കൊപ്പം സമര്‍പ്പിക്കണമെന്നുള്ള ചട്ടവും ഇതോടെ പ്രാബല്യത്തില്‍ വരും. പുതിയ നിര്‍ദേശത്തിന് 2017 മെയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. 710,000 കുടിയേറ്റക്കാരെയും 14 മില്യണ്‍ നോണ്‍ ഇമ്മിഗ്രന്റ് വിസാ അപേക്ഷകരെയും ബാധിക്കുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം.