ടെഹ്‌റാൻ: അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇറാൻ കോവിഡ് വാക്‌സിൻ വാങ്ങുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. വാക്‌സിൻ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാൻ ജനത മനസ്സിലാക്കണം. പക്ഷെ, അവയ്‌ക്കൊന്നും നമ്മെ തടഞ്ഞുനിർത്താനാവില്ല. അൽപം വൈകിയാണെങ്കിലും വൻതുക ചെലവിട്ട് വാക്‌സിൻ സന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനും മരുന്നും ഭക്ഷ്യവസ്തുക്കളും മാത്രമല്ല, രാജ്യത്തിന് പുറത്തുനിന്ന് വാങ്ങുന്ന ഏത് സാധനങ്ങൾക്കും യു.എസ് ഉപരോധങ്ങൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയുടേത് സാമ്പത്തിക ഭീകരതയാണെന്ന് റൂഹാനി കുറ്റപ്പെടുത്തി. ഇറാന് കോവിഡ് വാക്‌സിൻ നൽകാതിരിക്കാൻ അമേരിക്ക ചരടുവലി നടത്തുന്നതായി ആരോപണമുണ്ട്. ഇറാനിൽ 10 ലക്ഷത്തിലേറെ പേരിൽ രോഗം സ്ഥിരീകരിക്കുകയും 54,000 പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ദക്ഷിണ കൊറിയയിലുള്ള സെൻട്രൽ ബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് ഇറാൻ കോവിഡ് വാക്‌സിൻ വാങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ പണം സ്വിറ്റ്‌സർലാൻഡിലേക്ക് കൈമാറുന്നതിന് മുമ്പ് ഏതെങ്കിലുമൊരു അമേരിക്കൻ ബാങ്കിന് ട്രാൻസ്ഫർ ചെയ്യണമെന്നാണ് യു.എസ് ട്രഷറിയുടെ വാദം. യു.എസ് ബാങ്കിലൂടെ പണമിടപാട് നടത്താൻ സാധിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പണവും മറ്റ് സമ്പത്തും എവിടെക്കണ്ടാലും മോഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കയെ തങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ സാധിക്കുമെന്ന് റൂഹാനി ചോദിക്കുന്നു.