X

യു.എസ് സർവ്വകലാശാലയിൽ നിന്ന് പ്രായം കുറഞ്ഞ ബിരുദധാരിയായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി നിഹാദ്

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: (മലപ്പുറം): അമേരിക്കയിലെ പ്രശസ്തമായ കെന്നിസ്വോ സ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ഉയർന്ന റാങ്കോടെ പ്രായം കുറഞ്ഞ ബിരുദധാരിയായി മലപ്പുറം സ്വദേശി നിഹാദ് കളത്തിങ്ങൽ മലയാളിക്കും മലപ്പുറത്തിനും അഭിമാനമായി. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റി സ്വദേശി ഇരുപതുകാരനായ നിഹാദ് കളത്തിങ്ങലാണ് ഈ ബഹുമതി കരസ്ഥമാക്കിയത്.

170 ഡിഗ്രി പഠന വകുപ്പുകളും നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സർവകലാശാലയിൽ നാലു വർഷത്തെ കമ്പ്യൂട്ടർ സയൻസ് ആന്റ് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് കോഴ്സ് പഠന മികവിന്റെ അടിസ്ഥാനത്തിൽ 3 വർഷം കൊണ്ട് തന്നെ പൂർത്തിയാക്കി ബിരുദം നേടുകയും ഹാക്കത്തോൺ കോമ്പിറ്റീഷനിൽ ഒന്നാം സ്ഥാനം നേടി ഉയർന്ന ശമ്പളത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നേടുകയും ചെയ്ത നിഹാദിനെ സർവ്വകലാശാലയിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡിന് അർഹമായ വിവരം സർവ്വകലാശാല അധികൃതർ അറിയിക്കുകയായിരുന്നു. പൂർണ്ണമായും സ്കോളർഷിപ്പോടെയാണ് കോഴ്സ് പൂർത്തീകരിച്ചത് . അമേരിക്കയിൽ ഫാമിലി ജനറൽ പ്രാക്ടീഷണറായ
കൂട്ടിലങ്ങാടി പടിഞ്ഞാർമണ്ണയിലെ ഏലച്ചോല ഹാബിദയുടെ മകനാണ് നിഹാദ്.
ഹാബിദയുടെ ഭർത്താവ് ഡോ: ഷാഹുൽ ഹമീദ് ഇബ്രാഹീം യു.എസ് സർക്കാറിന്റെ സെന്റെഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ യുണിറ്റിലെ മെഡിക്കൽ എപ്പിഡമോളജിസ്റ്റും വിവിധ സർവകലാശാലകളിലെ അഡ്ജംക്ട് പ്രൊഫസറുമാണ്.
അമേരിക്കൻ പൗരത്വം ലഭിച്ച ഇവർ 10 വർഷമായി ജോർജിയയിലെ അറ്റ്ലാന്റയിലാണ് താമസം.പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും കഴിവു തെളിയിച്ച നിഹാദിന് നിരവധി പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്. നിയാദിന്റെ സഹോദരൻ സമീർ ഇബ്രാഹീം യു.എസിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

അഞ്ചാം ക്ലാസ് വരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പഠനം നടത്തുന്നതിനിടയിലാണ് കുടുംബസമേതം അമേരിക്കയിൽ എത്തിയത്. അവിടെ തുടർപഠനം നടത്തുന്നതിനിടയിൽ രണ്ടു വർഷം ആഫ്രിക്കയിലും പഠിച്ചു. ജോർദാനിലെ രാജാവിന്റെ കീഴിലുള്ള കിംഗ്സ് അക്കാദമിയിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ശേഷം അമേരിക്കയിൽ തിരിച്ചെത്തി കോളേജ് പഠനം തുടർന്നു. പഠനത്തോടൊപ്പം പാർട് ടൈം ജോലിയും ചെയ്തു.യുണിവേഴ്സിറ്റി നടത്തിയ ഹാക്കത്തോൺ കോമ്പിറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ഇന്റേണൻഷിപ്പും കൂടെ റിസർച്ച് അസിസ്റ്റന്റായും ജോലി ചെയ്തു.കോഴ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ നി ഹാദിന്റെ ഉയർന്ന പെർഫോമൻസ് കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനി സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ നിയമനവും നൽകി.
സർവകലാശാലയിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ലഭിച്ച സന്തോഷം നാട്ടിലെ കുടുംബങ്ങളോടൊപ്പം പങ്കിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡ് മഹാമാരി യാത്രക്ക് തടസ്സമായിരിക്കുകയാണ്. എല്ലാം തീരുന്ന മുറക്ക് നാട്ടിലെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ:

web desk 1: