X

മരണക്കെണിയൊരുക്കി യു.എസ്: പാളിയത് 634 വധശ്രമങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി നെഞ്ചൂക്കോടെ നിന്ന എണ്ണപ്പെട്ട കുറച്ചുപേര്‍ മാത്രമേ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലുണ്ടാവൂ. ക്യൂബന്‍ വിപ്ലവസൂര്യന്‍ ഫിദല്‍ കാസ്‌ട്രോയാണ് അതില്‍ പ്രമുഖന്‍. യു.എസ് പിന്തുണയുള്ള ഒരു ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഒറ്റയാള്‍ പോരാളി.

ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുമടക്കം നിരവധി നേതാക്കള്‍ അമേരിക്കയുടെ ചതിക്കുഴികളില്‍ വീണ് സ്വയം എരിഞ്ഞുതീര്‍ന്നപ്പോള്‍ കാസ്‌ട്രോ മാത്രം വീറോടെ നിന്നു. അമേരിക്കയെ വെല്ലുവിളിച്ച് കയ്പുനീര് കുടിക്കാത്തവരായി അധികം പേരില്ല. പലര്‍ക്കും മരണമായിരുന്നു വിധി. എന്നാല്‍ കാസ്‌ട്രോയും അദ്ദേഹത്തിനു കീഴില്‍ ക്യൂബയും പാറ പോലെ ഉറച്ചുനിന്നു. ഉറക്കമില്ലാത്ത രാത്രികളാണ് അധികാരം കാസ്‌ട്രോക്ക് സമ്മാനിച്ചത്. 1959 മുതല്‍ അദ്ദേഹം ജാഗ്രതയോടെ നിന്നു. ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കള്‍ ചുറ്റുമുണ്ടായിരുന്നു. ക്യൂബയില്‍ കാസ്‌ട്രോയുടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. എല്ലാം പരാജയപ്പെട്ടു. 10 യു.എസ് പ്രസിഡന്റുമാര്‍ക്ക് അദ്ദേഹത്തോട് പൊരുതി പിന്മാറേണ്ടിവന്നു.

അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ കാസ്‌ട്രോയെ വധിക്കാന്‍ 643 തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരുതവണ പോലും യു.എസ് ചാരന്മാര്‍ക്ക് അദ്ദേഹത്തെ ചതിയില്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല.

ഒമ്പത് യു.എസ് പ്രസിഡന്റുമാര്‍ കാസ്‌ട്രോടെ വിധിക്കാന്‍ പദ്ധതിയിട്ടിരുന്നു. കാസ്‌ട്രോ അധികാരത്തിലെത്തി രണ്ടാം വര്‍ഷം തന്നെ അദ്ദേഹത്തെ വധിക്കാന്‍ സി.ഐ.എ രണ്ട് അധോലോക നായകന്മാരെ ഏര്‍പ്പാടാക്കിയിരുന്നുവെന്നാണ് വിവരം. സി.ഐ.എ തന്നെ പുറത്തുവിട്ട രേഖകളിലാണ് ഇതേക്കുറിച്ച് പറയുന്നത്. 1960ലായിരുന്നു അത്്. കാസ്‌ട്രോയുടെ ഭക്ഷണത്തില്‍ ചേര്‍ക്കാനുള്ള വിഷഗുളികകള്‍ അദ്ദേഹം അവരെ ഏല്‍പ്പിച്ചെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. മിയാമിയും ഫ്‌ളോറിഡയും കേന്ദ്രീകരിച്ച് അനേകം വധഗൂഢാലോചനകള്‍ നടന്നു. കോടികക്കണക്കിന് ഡോളര്‍ അതിനുവേണ്ടി യു.എസ് ഒഴുക്കി. കാസ്‌ട്രോയുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് അവയല്ലാം പരാജയപ്പെട്ടതെന്ന് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റായ ഫാബിയന്‍ എക്‌സലാന്തെ എഴുതിയ പുസ്തകത്തില്‍ പറയുന്നു. അമേരിക്കയുടെ വാള്‍ തലക്കു മുകളിലുണ്ടെന്ന് ബോധ്യമുണ്ടായിട്ടും ന്യൂയോര്‍ക്കില്‍ പോകാനും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാനും അദ്ദേഹം തയാറായി. സി.ഐ.എയുടെ കേണല്‍ കിങ് രണ്ട് പ്രമുഖരുമായി ചേര്‍ന്ന് നടത്തിയ വധശ്രത്തില്‍നിന്ന് തലനാരിഴക്കാണ് കാസ്‌ട്രോ രക്ഷപ്പെട്ടത്.

chandrika: