വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നത് അപകടകരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.
ജപ്പാനിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് 1,500 സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്. നിലവിൽ ഇറാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് കരുതുന്നതെന്നും സൈനികർ പോകുന്നത് പ്രതിരോധ ആവശ്യങ്ങൾക്കാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഇവർ എവിടേക്കാണ് പോവുക എന്നു വ്യക്തമാക്കിയിട്ടില്ല. ഇറാഖ് അല്ലെങ്കിൽ സിറിയ ആയിരിക്കും ഇവരുടെ താവളം എന്നാണ് റിപ്പോർട്ടുകൾ.
ഈയിടെ യു.എ.ഇക്കു സമീപം കടലിൽ നാല് ടാങ്കർ കപ്പലുകളിലുണ്ടായ ബോംബ് സ്‌ഫോടനത്തിനും ഇറാഖിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനും പിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ടാങ്കർ ആക്രമിക്കപ്പെട്ട സംഭവം അറേബ്യൻ മേഖലയിലെ സമുദ്ര സുരക്ഷ സംബന്ധിച്ച് വൻ ആശങ്കയാണുയർത്തിയത്. സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ അറിയിച്ചു. നേരത്തെ, തങ്ങൾക്കെതിരെ അമേരിക്ക യുദ്ധം ആരംഭിച്ചാൽ സമുദ്ര ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.