X

ഇറാനെതിരായ ഉപരോധം നീക്കണമെന്ന് അന്താരാഷ്ട്ര കോടതി; തിരിച്ചടിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധനങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശം നല്‍കി.

1955ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദകരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. എന്നാല്‍ ഇതിനെതിരെ അമേരിക്ക ശക്തമായി തിരിച്ചടിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഈ കരാര്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചാണ് അമേരിക്ക പ്രതികാരം തീര്‍ത്തത്.

വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി ഇറക്കുമതി മേഖലകളിലും ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ നീക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കോടതി ഉത്തരവിനെ ഇറാന്‍ സ്വാഗതം ചെയ്തു. ഇറാനാണ് ശരിയെന്നും അമേരിക്ക നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഇറാന്‍ പ്രതികരിച്ചു.

നവംബര്‍ നാലു മുതല്‍ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനിരിക്കെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് ഇറാന് അനുകൂലമായ വിധി വന്നത്.
എന്നാല്‍ അമേരിക്കന്‍ വ്യാപാരമേഖലയുടെമേല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വിധി അംഗീകരിക്കില്ലെന്നാണ് വിവരം. ഇതിന്റെ ആദ്യപടിയായാണ് 1955ലെ കരാര്‍ അമേരിക്ക റദ്ദാക്കിയത്.

chandrika: