വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് വാംബിയുടെ പിതാവ് ഫ്രെഡും മാതാവ് കിന്‍ഡി വാംബിയറും അറിയിച്ചു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജൂണ്‍ 13ന് അമേരിക്കയുടെ പ്രത്യേക വിമാനത്തില്‍ ഒഹിയോയില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥി കോമ അവസ്ഥയിലായിരുന്നു. ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനമാണ് മകന്റെ ആരോഗ്യം തകര്‍ത്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വാംബിയറുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലും ഗുരുതരമായി കോശനാശം സംഭവിച്ചതായി അമേരിക്കയില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാഡീസംബന്ധമായ പരിക്കുകളോ ബോട്ടുലിസം അണുബാധയുടെ ലക്ഷണങ്ങളോ പരിശോധനയില്‍ കണ്ടിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നവിധം തലച്ചോറിന് പരിക്കേറ്റിണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2016 ജനുവരിയില്‍ വിദേശ സന്ദര്‍ശനത്തിന് ഉത്തരകൊറിയയില്‍ എത്തിയ വാംബിയറെ നിസ്സാര കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഹോട്ടലില്‍നിന്ന് പ്രചാരണ ചിഹ്നം മോഷ്ടിച്ചുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 2016 മാര്‍ച്ചില്‍ ഉത്തരകൊറിയന്‍ കോടതി വാംബിയര്‍ക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ഉടനെ വാംബിയര്‍ കോമ അവസ്ഥയിലേക്ക് പോയെന്നാണ് ഉത്തരകൊറിയയുടെ വാദം. ബോട്ടിലിസം രോഗവും ഉറക്കഗുളിക നല്‍കിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തതെന്നും അവര്‍ പറയുന്നു. ഉത്തരകൊറിയയുടെ ഈ വിശദീകരണം സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തള്ളിയിട്ടുണ്ട്. മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കള്‍ അറിഞ്ഞത്. ക്രൂരമായ പീഡനങ്ങളെത്തുടര്‍ന്ന് ആരോഗ്യം തകര്‍ന്ന് കോമ അവസ്ഥയിലായ മകന് മികച്ച ചികിത്സ ലഭ്യമാക്കാത്തതും ആരോഗ്യനില രഹസ്യമാക്കിവെച്ചതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വാംബിയറുടെ പിതാവ് പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുമ്പോള്‍ വാംബിയര്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വാംബിയറുടെ മരണം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കി. മിസൈല്‍, ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതിനകം തന്നെ സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. വാംബിയറെ ഉത്തരകൊറിയ അന്യമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ജയിലില്‍ കഴിയുന്ന മറ്റു മൂന്നു പേരെ എത്രയും വേഗം വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.