വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം. ട്വിറ്ററിലൂടെയാണ് സുരക്ഷാ ഉപദേഷ്ടാവിനെ നീക്കിയ വിവരം ട്രംപ് അറിയിച്ചത്. മക്മാസ്റ്ററിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലായിരുന്നു. എല്ലാ കാലത്തും അദ്ദേഹം തന്റെ സുഹൃത്തായിരിക്കും. പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ തെരഞ്ഞെടുത്ത ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍, മക്മാസ്റ്ററെ പുറത്താക്കാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയില്ല. മുന്‍ യുഎസ് അംബാസിഡറായിരുന്ന ബോള്‍ട്ടന്‍ ബുഷ് ഭരണകാലത്ത് അമേരിക്കന്‍ പ്രതിരോധ രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. വിദേശകാര്യമന്ത്രി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി മൈക്ക് പാംപിയോയെ അവരോധിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മക്മാസ്റ്ററുടെ പുറത്താക്കല്‍. മുന്‍ സേനാ ജനറലായ മക്മാസ്റ്ററുമായി വ്യക്തിപരമായി അടുപ്പം പുലര്‍ത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മക്മാസ്റ്റര്‍ വഴങ്ങാത്തയാളും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ ദൈര്‍ഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.
സുരക്ഷാ ഉപദേഷ്ടാവായതിന് പിന്നാലെ ബോള്‍ട്ടണ്‍ ഇറാനെയും ഉത്തര കൊറിയയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു വിമര്‍ശനം. ഈ രാജ്യങ്ങള്‍ക്കെതിരെ നീങ്ങാന്‍ പ്രസിഡന്റിന് എല്ലാ മാര്‍ഗങ്ങളും നിര്‍ദേശിക്കുക എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.