റിയാദ്: റിയാദില്‍ ഭീകാരാക്രമണങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിയ ഭീകര സംഘത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരു ഭീകരന്‍ ബെല്‍റ്റ് ബോംബ് പൊട്ടിച്ച് സ്വയം മരിക്കുകയും ചെയ്തു. റിയാദിലെ ഭീകര സംഘം വിദേശത്തെ ഐ.എസുമായി ബന്ധമുള്ളവരാണ്. റിയാദില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങള്‍ക്ക് നേരെ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിന് പദ്ധതിയിട്ട രണ്ട് യമനികളെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ മാസം പന്ത്രണ്ടിന് പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ രണ്ട് ആസ്ഥാനങ്ങളില്‍ ചാവേറാക്രണങ്ങള്‍ നടത്തുന്നതിനാണ് കൊടും ഭീകര സംഘടനയായ ഐ.എസ് പദ്ധതിയിട്ടത്. ഇതിന് ചുമതലപ്പെടുത്തിയ രണ്ട് യമനികളാണ് അറസ്റ്റിലായത്. അഹ്മദ് യാസിര്‍ അല്‍കല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നിവരാണ് പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങളില്‍ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ അറസ്റ്റിലായത്.
ചാവേറാക്രമണ പദ്ധതിയില്‍ പങ്കുണ്ടെന്ന് സംശയിച്ച് രണ്ട് സ്വദേശികളെയും അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് റിയാദില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട പുതിയ ഭീകര സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. കിഴക്കന്‍ റിയാദിലെ അല്‍രിമാല്‍ ഡിസ്ട്രിക്ടിലെ ഇസ്തിറാഹയും പടിഞ്ഞാറന്‍ റിയാദിലെ നമാര്‍ ഡിസ്ട്രിക്ടിലെ ഫഌറ്റും ദക്ഷിണ റിയാദിലെ അല്‍ഹായിറിന് സമീപമുള്ള അല്‍ഗനാമിയ ഡിസ്ട്രിക്ടിലെ കുതിരലയവും അടക്കം റിയാദിലെ മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബോംബുകളും ബെല്‍റ്റ് ബോംബുകളും നിര്‍മിക്കുന്ന കേന്ദ്രമായിരുന്നു അല്‍രിമാല്‍ ഡിസ്ട്രിക്ടിലെ ഇസ്തിറാഹ. സുരക്ഷാ സൈനികര്‍ വളയുമ്പോള്‍ ഇവിടെ ഭീകരനുണ്ടായിരുന്നു. കീഴടങ്ങുന്നതിനുള്ള സുരക്ഷാ സൈനികരുടെ നിര്‍ദേശം നിരസിച്ച ഭീകരന്‍ രക്ഷപ്പെടാനാകില്ലെന്ന് കണ്ട് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മാഹുതി ചെയ്തു. സ്‌ഫോടനത്തില്‍ ഭീകരന്റെ ശരീര ഭാഗങ്ങള്‍ ഇസ്തിറാഹയില്‍ ചിന്നിച്ചിതറുകയും ഇസ്തിറാഹക്ക് തീ പിടിക്കുകയും ചെയ്തു. തൊട്ടടുത്ത മറ്റൊരു ഇസ്തിറാഹയിലും തീ പടര്‍ന്നുപിടിച്ചു.
നമാര്‍ ഡിസ്ട്രിക്ടിലെ ഫഌറ്റ് സുരക്ഷാ സൈനികര്‍ വളയുമ്പോള്‍ ഇവിടെ ഭീകര സംഘത്തില്‍ പെട്ട ഒരാളുണ്ടായിരുന്നു. തോക്ക് കൈവശം വെച്ച് ഫഌറ്റിലെ മുറിയില്‍ കയറി വാതിലടച്ച ഭീകരന്‍ കീഴടങ്ങുന്നതിന് വിസമ്മതിച്ചു. കെട്ടിടത്തിലുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാ ഭടന്മാര്‍ ഭീകരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. രഹസ്യ കൂടിക്കാഴ്ചകള്‍ക്കും പരസ്പര ഏകോപനത്തിനുമുള്ള താവളമായാണ് അല്‍ഗനാമിയ ഡിസ്ട്രിക്ടിലെ കുതിരലയം ഭീകരര്‍ ഉപയോഗിച്ചിരുന്നത്. ഭീകര സംഘത്തില്‍ പെട്ട അഞ്ച് പേരാണ് ഇതിനകം അറസ്റ്റിലായത്. അന്വേഷണ താല്‍പര്യം മുനിര്‍ത്തി, ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നതിന് സാധിക്കില്ല. ഭീകരരുടെ താവളങ്ങളില്‍ രണ്ട് കലാഷ്‌നിക്കോവ് തോക്കുകളും വെടിയുണ്ടകളും ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും മറ്റ് വസ്തുക്കളും കണ്ടെത്തി. മരിച്ച ഭീകരന്റെ ശരീരാവശിഷ്ടങ്ങളും ഭീകര താവളങ്ങളില്‍ കണ്ടെത്തിയ മറ്റ് തെളിവുകളും ക്രിമിനല്‍ എവിഡെന്‍സ് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ പറഞ്ഞു.