X

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ തുര്‍ക്കി ബഹിഷ്‌കരിക്കുന്നു

 

അങ്കാറ: നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് തുര്‍ക്കി. യു.എസ് നിര്‍മിത ഐഫോണുകള്‍ക്കു പകരം കൊറിയയുടെ സാംസങും തുര്‍ക്കിയുടെ വെസ്റ്റല്‍ ഉല്‍പന്നങ്ങളും വാങ്ങുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
അമേരിക്ക-തുര്‍ക്കി ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന് തന്നെയാണ് ഉര്‍ദുഗാന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി തുര്‍ക്കി തടങ്കലില്‍ വെച്ചിരിക്കുന്ന പുരോഹിതനെ വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയത്. തുര്‍ക്കിയുടെ രണ്ട് പ്രമുഖര്‍ക്കെതിരെ യു.എസ് ഉപരോധമേര്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ തുര്‍ക്കിയുടെ സമ്പദ്ഘടനക്ക് വന്‍ ആഘാതമാണേല്‍പ്പിച്ചത്.
മൂല്യത്തകര്‍ച്ച നേരിട്ട ലിറ മൂക്കുകുത്തി വീണു. ഓഹരി വിപണികള്‍ ഇടിഞ്ഞു. ലിറയെ രക്ഷിക്കാന്‍ തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് എല്ലാ ശ്രമവും നടത്തുന്നുണ്ട്. ദേശീയ കറന്‍സിയെ രക്ഷിക്കാന്‍ ഡോളറുകളും യൂറോകളും വിറ്റ് കൈയൊഴിക്കാന്‍ ഉര്‍ദുഗാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഡോളറുകള്‍ വാങ്ങാന്‍ ധൃതി കൂട്ടരുതെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.
സമ്പദ്ഘടനയെ തളര്‍ത്തുന്നത് ആഭ്യന്തര പ്രശ്‌നങ്ങളല്ലെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണെന്നും ഉര്‍ദുഗാന്‍ പറയുന്നു. അമേരിക്ക പിന്നില്‍നിന്ന് കുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുര്‍ക്കി-യു.എസ് തര്‍ക്കം ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഇന്ത്യന്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ചയാണ് നേരിട്ടത്. ലിറ തളരുന്നത് ലോകത്തെങ്ങും സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും. ഇന്ത്യന്‍ രൂപക്ക് പുറമെ, അര്‍ജന്റീനയുടെയും ദക്ഷിണാഫ്രിക്കയുടെയും കറന്‍സികളും മൂല്യത്തകര്‍ച്ച നേരിട്ടു. അതേസമയം അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ തുര്‍ക്കി അംബാസഡര്‍ സര്‍ദാര്‍ കിലിക്കുമായി വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി തര്‍ക്കങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. തുര്‍ക്കിയുടെ ഉല്‍പന്ന ബഹിഷ്‌കരണാഹ്വാനത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

chandrika: