വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിന്റെ തൊട്ടരികില്‍. 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാളും മുന്നിലാണ്. ജയിക്കാനായി 270 ഇലക്ടറല്‍ വോട്ടുകള്‍ വേണ്ടതില്‍ ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഇരുകക്ഷികള്‍ക്കും തുല്യശക്തിയുള്ള ചാഞ്ചാട്ടസംസ്ഥാനങ്ങളില്‍പ്പെടുന്ന മിഷിഗനും വിസ്‌കോണ്‍സിനും പിടിച്ചതോടെ 26 വോട്ടുകൂടി നേടിയാണ് വ്യാഴാഴ്ച അമേരിക്കന്‍പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ലീഡ് നില ഉയര്‍ത്തിയത്. അതേസമയം, ട്രംപ് മെയ്‌നിലെ ഒരുവോട്ടുകൂടി നേടി. ആറ് ഇലക്ടല്‍ സീറ്റുകളുളുള്ള നവോഡയില്‍ 84 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്. പ്രസിഡന്റാകാന്‍ ബൈഡന് ഇനി നവോഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ തന്നെ ബൈഡന് 270 തികയ്ക്കാനാകും. ജോര്‍ജിയയില്‍ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം ലീഡായി കുറഞ്ഞു.
ലക്ഷക്കണക്കിന് തപാല്‍വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അന്തിമ ഫലപ്രഖ്യാപനം എന്നുവരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 20 വോട്ടുകളുള്ള പെന്‍സില്‍വേനിയയിലും 50.7 ശതമാനം വോട്ടുമായി നിലവില്‍ ട്രംപാണ് മുന്നില്‍. അലാസ്‌കയും ട്രംപിനൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ 50.5 ശതമാനം വോട്ടും ബൈഡന്‍ നേടി.
ഇതിനിടെ മിഷിഗനിലേയും ജോര്‍ജിയയിലേയും കോടതിയില്‍ ട്രംപ് ടീം ഫയല്‍ ചെയ്ത കേസുകള്‍ തള്ളി. ജോര്‍ജിയയില്‍ വൈകിയെത്തിയ 53 ബാലറ്റുകള്‍ കൂട്ടികലര്‍ത്തിയെന്നായിരുന്നു ആരോപണം. മിഷിഗനിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. മിഷിഗനില്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും ജഡ്ജിമാര്‍ ട്രംപിന്റെ ആരോപണങ്ങള്‍ തള്ളി. ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.