വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ല. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നാണ് അധികൃതരുടെ തീരുമാനം.
വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നും, വീണ്ടും വോട്ടണ്ണണമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ജോര്‍ജിയയില്‍ രണ്ടാമതും വോട്ടെണ്ണിയിരുന്നു. എന്നാല്‍ അപ്പോഴും വിജയം ജോബൈഡന് തന്നെയായിരുന്നു.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോര്‍ജിയയില്‍ വിജയിക്കുന്നത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്രംപിന്റെ പഴയ ട്വീറ്റുകളെല്ലാം ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കും. പ്രസിഡന്റായ ശേഷം അമ്പതിനായിരത്തിലേറെ തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.