X
    Categories: MoreViews

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍: പ്രവചനങ്ങള്‍ തെറ്റിച്ച് അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ട്രല്‍ കോളജ് വോട്ടെടുപ്പില്‍ 288 വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലെത്തുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് 218 വോട്ടുകളാണ് സ്വന്തമാക്കാനായത്. ഡെമോക്രാറ്റിക് കോട്ടകളില്‍ ആധിപത്യം സ്ഥാപിക്കാനായി എന്നതാണ് ട്രംപിന്റെ വിജയത്തിനു പിന്നിലെ പ്രധാന ഘടകമായി ചൂണ്ടിക്കാട്ടുന്നത്. ഫ്‌ളോറിഡ, ടെക്‌സസ്, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലെ പിന്തുണയാണ് ട്രംപിന് കരുത്തേകിയത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതിയും 70കാരന്‍ ട്രംപിനുണ്ട്.


എല്ലാ അമേരിക്കക്കാരെയും ഒരുപോലെ കാണുന്നതായി ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. വിവേചനമില്ലാതെ എല്ലാ രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 221 വോട്ടുകളിലൂടെ യു.എസ് ഹൗസിലും 51 വോട്ടുകളിലൂടെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു തന്നെയാണ് ഭൂരിപക്ഷം.
218 വോട്ടുകള്‍ മാത്രം നേടിയ ഹിലരി പരാജയപ്പെട്ടതോടെ അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എട്ടു വര്‍ഷം നീണ്ട ആധിപത്യത്തിന് അവസാനമായി. രാഷ്ട്രീയ വിദഗ്ധരുടെ പ്രവചനങ്ങളും സര്‍വേ ഫലങ്ങളും ഹിലരിക്ക് അനുകൂലമായിരുന്നെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇ-മെയില്‍ വിവാദം തലപൊക്കിയത് ഹിലരിയുടെ പ്രതിഛായക്ക് മങ്ങലേറ്റിരുന്നു.


2012ല്‍ ബറാക് ഒബാമ വിജയിച്ച മിഷിഗണിലെ ജനത ഇത്തവണ ട്രംപിനൊപ്പം നിന്നുവെന്നതു ഡെമ്രോകാറ്റിക് കനത്ത തിരിച്ചടിയാണ്. വ്യാവസായിക തകര്‍ച്ചയും തൊഴിലില്ലായ്മയും രൂക്ഷമായതാണ് മിഷിഗണ്‍ നിവാസികള്‍ ഡെമോക്രാറ്റികിനെ കൈവിടാന്‍ കാരണം. തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ജനങ്ങളെ അകറ്റി.

ഇലക്ട്രല്‍ കോളജില്‍ നിര്‍ണായകശക്തിയായ ഓഹിയോയും വിജയം ഉറപ്പിക്കാനായതാണ് ട്രംപിന് അനുകൂലമായത്. ഇവക്കു പുറമെ 32 ലക്ഷം ഇന്ത്യക്കാരുടെ പിന്തുണയും ട്രംപിനെ വിജയത്തേരിലേക്ക് അടുപ്പിച്ചു. പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാജ്യത്തെ ഹൈന്ദവ വിഭാഗത്തെയും പുകഴ്ത്തി ട്രംപ് ഇന്ത്യക്കാരുടെ മനം കവര്‍ന്നിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് പരസ്യം അനുകരിച്ച് അബ് കെ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പരസ്യം പോലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പുറത്തിറക്കിയിരുന്നു.

Watch Video:

chandrika: