മുസ്ലിം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് വൈറ്റ് ഹൗസിൽ നടത്താനിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡന്റെ ഇഫ്താർ റദ്ദാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്‌ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇഫ്താർ റദ്ദാക്കിയത്. ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‌ലിം സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി നിരവധി മുസ്‌ലിം നേതാക്കൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇഫ്താർ റദ്ദാക്കുകയായിരുന്നു.
ഗസ്സയിലെ ഫലസ്തീൻ ജനതയെ പട്ടിണിക്കിടാനും കൂട്ടക്കൊല ചെയ്യാനും ഇസ്രായേൽ സർക്കാറിനെ പിന്തുണക്കുന്നത് വൈറ്റ് ഹൗസാണ്. അവരുടെ കൂടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയിലെ മുസ്ലിം സമൂഹം മുന്നറിയിപ്പ് നൽകി.
മുസ്ലിം സമുദായം കഴിഞ്ഞ ആറ് മാസമായി തങ്ങളുടെ നിലപാട് സർക്കാറിനെ അറിയിക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ‘എത്ര ചർച്ചകൾ നടത്തിയാലും എത്ര ആളുകൾ പോയാലും എത്ര സംഭാഷണങ്ങൾ നടന്നാലും വൈറ്റ് ഹൗസിന്റെ നിലപാടുകൾ മാറില്ല’ – ഡെവലപ്‌മെന്റ് അറ്റ് അമേരിക്കൻ മുസ്ലിംസ് ഫോർ ഫലസ്തീന്റെ ഡയറക്ടർ മുഹമ്മദ് ഹാബെ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.എസ് പ്രസിഡന്റുമാർ പ്രമുഖ മുസ്ലിം നേതാക്കൾക്കൊപ്പം ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്.