X
    Categories: Video Stories

ട്രംപ് ഭരണത്തിന് ഇനി നിയന്ത്രണം

കെ.മൊയ്തീന്‍ കോയ

ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സ്ഥലകാലബോധം നഷ്ടപ്പെടുത്തുന്നു. ആവനാഴിയിലെ സര്‍വ അസ്ത്രവും പ്രയോഗിച്ചുവെങ്കിലും രാജ്യമാകെ വോട്ടു രേഖപ്പെടുത്തിയ ജനപ്രതിനിധിസഭ നഷ്ടമായി. സെനറ്റ് നേരിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസം. നവംബര്‍ 6ന് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടി ട്രംപിനെ പക്വമതിയാക്കുമെന്നായിരുന്നു ധാരണയെങ്കില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പുറത്താക്കി. മാധ്യമങ്ങളെ ചീത്ത വിളിക്കുന്നു. എതിരാളികള്‍ക്ക്‌മേല്‍ കോപാകുലനായ ട്രംപിനെയാണ് രാഷ്ട്രാന്തരീയ സമൂഹം ആശങ്കയോടെ കാണുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുമെന്നാണ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എട്ടു വര്‍ഷത്തിനു ശേഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപ്രതിനിധി സഭയില്‍ നിയന്ത്രണം നഷ്ടമാകുന്നത്. 435 അംഗ സഭയില്‍ 220 അംഗങ്ങള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍. സെനറ്റില്‍ 100ല്‍ 51ന്റെ നേരിയ മുന്‍തൂക്കം മാത്രം. 36 ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിരാളികള്‍ ഭൂരിപക്ഷവും നേടി. ഡമോക്രാറ്റിക് ഭൂരിപക്ഷ സഭയില്‍ നേരത്തെ സ്പീക്കറായിരുന്ന നാന്‍സി പൊലോസി ആ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഉറപ്പ്. ഇനി തോന്നിയതുപോലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ട്രംപിന് കഴിയില്ല. ജനപ്രതിനിധി സഭയുടെ അംഗീകാരവും അനുമതിയും വേണ്ടിവരുന്ന വിഷയങ്ങളില്‍ മൂക്കുകയറിടും ഡമോക്രാറ്റുകള്‍. ചരിത്രം കുറിച്ച് രണ്ടു മുസ്‌ലിം വനിതകള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി വിജയിച്ചുവെന്നതും സവിശേഷത. റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. സോമാലി വംശജയായ ഇല്‍ഹാന്‍ കുട്ടിക്കാലത്ത് അമേരിക്കയിലെത്തി. അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ഇല്‍ഹാന്‍ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗമാവും.
വംശ, വര്‍ണ ചേരിതിരിവ് സൃഷ്ടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അടവുകള്‍ പയറ്റി നോക്കിയതാണ് ട്രംപ്. അമേരിക്കയുടെ ‘വെള്ള വംശീയത’യുടെ മൂര്‍ത്തീമത്ഭാവമായി ട്രംപ്. ഇതിനുപുറമെ കുടിയേറ്റ വിരുദ്ധ നിലപാട് കടുപ്പിച്ചും അമേരിക്കയിലെ വെള്ളക്കാരെ തീവ്ര ദേശീയവാദികളാക്കി, മുസ്‌ലിം നാടുകള്‍ക്കെതിരെ കടുത്ത പ്രസ്താവനകള്‍ നടത്തിയത് ജൂതരേയും വെള്ളക്കാരെയും സുഖിപ്പിക്കാന്‍. സഊദി അറേബ്യക്ക് എതിരെ ഒരിക്കലും അമേരിക്ക രംഗത്ത് വരാറില്ല. ഈ സമീപനത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ്, സഊദി വിമതനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ വധക്കേസില്‍ സഊദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ട്രംപ് രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഊദി വിരുദ്ധത മയപ്പെടുത്തി. ഇറാന് മേലുള്ള ഉപരോധം പ്രഖ്യാപിച്ചതില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ടു പ്രമുഖ രാഷ്ട്രങ്ങള്‍ക്ക് ഇളവ് നല്‍കിയതിലൂടെ നിലപാടിലെ പൊള്ളത്തരം പുറത്തുവന്നു. 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അമേരിക്കയില്‍ വിവാദം സൃഷ്ടിക്കുകയും റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയുമാണല്ലോ. റഷ്യയോട് മൃദുസമീപനമാണെന്ന ഡമോക്രാറ്റിക് പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ റഷ്യക്കെതിരെ ട്രംപ് കടുത്ത വിമര്‍ശനമുയര്‍ത്തി. ഉപരോധവും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതൊക്കെ വോട്ടായി മാറുമെന്നായിരുന്നു പ്രതീക്ഷ. മതപരമായി ക്രിസ്തീയ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി വൈറ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയും വോട്ടുകള്‍ക്ക് വേണ്ടി. (ഇതിന്റെ ശബ്ദരേഖ പുറത്തുവന്നത് പിന്നീട് വിവാദമായി). ട്രംപ് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതെ പോയെന്ന് മാത്രമല്ല, ഫലം കനത്ത പ്രഹരവുമായി.
ട്രംപ് ഭയക്കുന്നത് പ്രധാനമായും ഇംപീച്ച്‌മെന്റാണ്. അതിന് പ്രധാന കാരണം റഷ്യന്‍ ഇടപെടല്‍ തന്നെ. ഈ അന്വേഷണത്തില്‍നിന്ന് വിട്ടുനിന്ന അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ ധൃതിപിടിച്ച് പുറത്താക്കിയത് ട്രംപിന്റെ ആശങ്കയാണ് സൂചിപ്പിക്കുന്നത്. സെഷന്‍സിന് പകരം സ്വന്തക്കാരെ തിരുകിക്കയറ്റി അന്വേഷണത്തെ അട്ടിമറിക്കാനാവും ഇനി നീക്കം. ‘താങ്കളുടെ ആവശ്യപ്രകാരം’ രാജി എന്ന സെഷന്‍സ് കത്ത് ട്രംപിന്റെ നീക്കത്തെ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് നാന്‍സി പെലോസി വ്യക്തമാക്കി കഴിഞ്ഞു. ഇലക്ഷന്‍ സഹായി മൈക്കള്‍ കപ്യൂട്ടോവും മുന്‍ അഭിഭാഷകന്‍ മൈക്കള്‍ കോഹാനും മാസങ്ങള്‍ക്ക് മുമ്പ് അന്വേഷണ കമ്മീഷന്‍ മുമ്പാകെ തെറ്റ് സമ്മതിച്ചത് ട്രംപിന് പ്രഹരമാണ്. അശ്ലീല നടിക്ക് പണം നല്‍കിയ കേസിലും ബേങ്കില്‍ വ്യാജരേഖ നല്‍കിയതിലും കുറ്റം സമ്മതിച്ചു. ഇവയൊക്കെ അമേരിക്കന്‍ രാഷ്ട്രീയത്തെ വഴിത്തിരിവില്‍ എത്തിക്കും. റോബര്‍ട്ട് മുള്ളറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇംപീച്ച് നടപടിയിലേക്ക് നീങ്ങാന്‍ ഡമോക്രാറ്റുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാവും.
റഷ്യന്‍ പ്രസിഡണ്ട് പുട്ടിനുമായുള്ള ചങ്ങാത്തം വൈകിയാണെങ്കിലും ട്രംപിന് വിനയായി. റഷ്യയുമായുള്ള ട്രംപിന്റെ സൗഹൃദം അമേരിക്കന്‍ സമൂഹം അംഗീകരിക്കില്ല. റഷ്യക്ക് എതിരെ ഉപരോധവുമായി ട്രംപ് ഇപ്പോള്‍ രംഗത്തുണ്ടെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പില്‍ വിലപോയില്ല. മാധ്യമങ്ങളുമായുള്ള ട്രംപിന്റെ ഉടക്കു തിരിച്ചടിയാണ്. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വൈറ്റ്ഹൗസിലെ ഉന്നതനായ ‘പ്രതിരോധ പോരാളി’ ട്രംപിനെ കശക്കിയെറിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ടീമിലാണ് ‘പ്രതിരോധ പോരാളി’. ‘കഴിവ്‌കെട്ടവന്‍’, ‘നിന്ദ്യന്‍’, ‘എടുത്തുചാടി തീരുമാനം എടുക്കുന്നവന്‍’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ട്രംപിന്റെ പ്രതിച്ഛായ തകര്‍ന്നടിഞ്ഞു. ഷാര്‍ലറ്റ്വില്ലില്‍ അഴിഞ്ഞാടിയ വര്‍ണവെറിയന്മാരെ ന്യായീകരിച്ച ട്രംപ് വിരുദ്ധ ഫലമാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. നെഗറ്റീവ് മാധ്യമ പ്രവര്‍ത്തനത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തി മാധ്യമ ലോകവുമായി കൊമ്പുകോര്‍ക്കാന്‍ ശ്രമിച്ച ട്രംപ് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കുറേക്കൂടി മാധ്യമങ്ങളോട് നിലപാട് കാര്‍ക്കശ്യമാക്കി. ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ച സി.എന്‍.എന്‍ ലേഖകന്‍ ജിം അകോസ്റ്റയ്ക്ക് വൈറ്റ്ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ പോലും ട്രംപ് തയാറായത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെയാണ് തിരിച്ചറിയേണ്ടത്. റിപ്പോര്‍ട്ടറെ ‘മര്യാദകെട്ടവന്‍’, ‘നീചന്‍’ എന്നാക്ഷേപിക്കാനും ട്രംപ് തരംതാണു. അഭയാര്‍ത്ഥി പ്രവാഹത്തെയും റഷ്യന്‍ ബന്ധത്തെയും കുറിച്ചുള്ള ചോദ്യമാണ് ട്രംപിനെ അസ്വസ്ഥനാക്കിയത്. ലോകത്തിന് മുന്നില്‍ നാണംകെട്ടു ട്രംപ്. മുന്‍ഗാമികളില്‍ നിന്നൊരിക്കലും പ്രകടമായിട്ടില്ല, ഇത്രയും ധാര്‍ഷ്ട്യം. മാധ്യമങ്ങള്‍ക്കെതിരായി അനുവര്‍ത്തിക്കുന്ന നിലപാടിനെ യു.എന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സില്‍ അപലപിക്കുന്നു. കൗണ്‍സിലിലെ പ്രമുഖരായ ഡേവിഡ് കെസും എഡിഷന്‍ ലാന്‍സും കടുത്ത ഭാഷയില്‍ ട്രംപിന്റെ മാധ്യമ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തു ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും മനുഷ്യാവകാശത്തിനും വിരുദ്ധമാണ് ട്രംപിന്റെ സമീപന’മെന്നാണ് അവരുടെ അഭിപ്രായം. തെറ്റ് തിരിച്ചറിഞ്ഞും തിരുത്തിയും വിവേകപൂര്‍വം ട്രംപ് മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ ആഗ്രഹം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: