X
    Categories: Newsworld

പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി ട്രംപ് അനുകൂലികളുടെ കലാപം; യുഎസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് അനുയായികള്‍ പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയതോടെ ലോകത്തിന് മുന്നില്‍ നാണംകെട്ട് അമേരിക്ക. ലോകത്ത് മുമ്പ് ജനാധിപത്യം നടപ്പാക്കാന്‍ തങ്ങളുടെ മാടമ്പിത്തരവുമായി ഇറങ്ങാറുള്ള അമേരിക്കക്ക് ഒടുവില്‍ സ്വന്തം രാജ്യത്ത് വെല്ലുവിളി നേരിടുകയാണ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു യുവതി കൊല്ലപ്പെട്ടു.

ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്റ് കവാടങ്ങള്‍ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.

അതിനിടെ അനുയായികളെ കലാപത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റുകളും വീഡിയോയും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ട്രംപിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇനിയും ഇത്തരം ട്വീറ്റുകള്‍ വന്നാല്‍ എക്കൗണ്ട് പിന്നെ തിരിച്ചുകിട്ടില്ലെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: