ലൊസാഞ്ചലസ്: യുഎസില്‍ വീണ്ടും പൊലീസ് ക്രൂരത. കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ദിജോസ് കിസ്സി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് ഭീകരതയ്ക്കും വംശീയതയ്ക്കുമെതിരെ യുഎസില്‍ പ്രതിഷേധം ഉയരുന്നതിനു പിന്നാലെയാണ് മറ്റൊരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ലൊസാഞ്ചലസിലായിരുന്നു സംഭവം.
സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന കിസ്സിയെ പൊലീസ് വാഹനം നിയമം പാലിച്ചില്ല എന്നതിന്റെ പേരില്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കിസ്സി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെന്നും പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നുമെന്നുമാണ് പൊലീസ് ഭാഷ്യം. പിടിക്കപ്പെടുമ്പോള്‍ കിസ്സിയുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ കൈത്തോക്ക് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ വെടിയേല്‍ക്കുമ്പോള്‍ കിസ്സി തോക്ക് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന് വ്യക്തമല്ല. അയാള്‍ തോക്ക് നേരത്തെ താഴെ ഇട്ടിരുന്നില്ലേയെന്നും വെടിയേല്‍ക്കുമ്പോള്‍ അയാള്‍ ആയുധധാരിയല്ലായിരുന്നല്ലോ എന്നമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെ കുറിച്ച് തനിക്കറിയില്ല എന്നാണ് പൊലീസ് അധികൃതര്‍ അഭിപ്രായപ്പെട്ടത്. കിസ്സി സംഭവസ്ഥലത്തു തന്നെ മരിച്ചു.
കിസ്സിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം പേര്‍ സംഭവസ്ഥലത്ത് പ്രതിഷേധവുമായി ഒത്തുകൂടിയെന്നാണ് വിവരം.