നിലപാട് കടുപ്പിച്ച് അമേരിക്ക; പാകിസ്താന്‍ പ്രത്യേക നിരീക്ഷണ പട്ടികയില്‍
വാഷിങ്ടണ്‍: ധനസഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക.
പാകിസ്താനെ പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് യു.എസ് ഭരണകൂടം ‘യുദ്ധം’ പ്രഖ്യാപിച്ചത്. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ (സിപിസി) പട്ടിക പുനര്‍നിശ്ചയിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് വ്യക്തമാക്കിയത്.
നിലവില്‍ മ്യാന്മാര്‍, ചൈന, എറിത്ര, ഇറാന്‍. ഉത്തരകൊറിയ, സുഡാന്‍, സഊദി അറേബ്യ, താജിക്കിസ്താന്‍, തുര്‍ക്‌മേനിസ്താന്‍, ഉസ്ബകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഓരോ വര്‍ഷവും സ്‌റ്റേറ്റ് സെക്രട്ടറി ഇത്തരത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ നയതന്ത്ര സാഹചര്യത്തില്‍ പാകിസ്താന്റെ പേര് ഉള്‍പ്പെടുത്തിയത് കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പാകിസ്താന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
പാകിസ്താനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പുതുവര്‍ഷ ട്വീറ്റാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. പാകിസ്താന്‍ തങ്ങളെ വിഡ്ഡിയാക്കുകയായിരുന്നുവെന്നും ധനസഹായം നല്‍കില്ലെന്നുമായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റ്. നല്‍കിയ സഹായങ്ങള്‍ക്ക് പാകിസ്താന്‍ തിരിച്ചു തന്നത് കള്ളവും വഞ്ചനയുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.