വാഷിങ്ടണ്‍: ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയും 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നു. ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പിന്നാലെയാണ് അമേരിക്കയും സമാന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടുകഴിഞ്ഞു.
സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടക്കാനും നിര്‍ദേശം നല്‍കി. യു.എസ്-റഷ്യ ബന്ധത്തില്‍ പുതിയ നീക്കം വന്‍ വിള്ളല്‍ വീഴത്തിയിരിക്കുകയാണ്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിട്ടുണ്ട്. സാലിസ്ബറിയില്‍ മുന്‍ ചാരന്‍ സെര്‍ഗി സ്‌ക്രിപാലിനെ മകളെയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ എംബസിയിലെ 48 റഷ്യന്‍ നയതന്ത്രജ്ഞരെയും യു.എന്‍ ആസ്ഥാനത്തെ 12 പേരെയുമാണ് അമേരിക്ക പുറത്താക്കുന്നത്. സ്‌ക്രിപാലും മകളും ഇപ്പോള്‍ ബ്രിട്ടീഷ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. റഷ്യയുടെ രാസായുധ ശേഖരത്തിലുള്ള വിഷമാണ് ഇവര്‍ക്കെതിരെ പ്രയോഗിച്ചതെന്ന് ബ്രിട്ടന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിഷം ബ്രിട്ടനില്‍ തന്നെ ഉണ്ടാക്കിയതാണെന്ന് റഷ്യ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബ്രിട്ടന്‍ തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മന്ത്രിമാരും രാജകുടുംബാംഗങ്ങളും പങ്കെടുക്കില്ല.