പോങ്‌യാങ്: അമേരിക്കക്കെതിരെ ഭീഷണി മുഴക്കി ഉത്തരകൊറിയ രംഗത്ത്. ആവശ്യമായാല്‍ യു.എസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ പെസഫിക് സമുദ്രമേഖലയിലേക്ക് അമേരിക്കയുടെ പടക്കപ്പലുകള്‍ നീങ്ങുമ്പോള്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കൊറിയന്‍ മുന്നറിയിപ്പ്. കപ്പലുകള്‍ സമുദ്രാതിര്‍ത്തിയിലെത്താന്‍ ഒരാഴ്ചയെടുക്കും. നീക്കം സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്‍ പറഞ്ഞു.
ഉത്തരകൊറിയ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ സിറിയന്‍ സേനക്കു നേരെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ അമേരിക്കയുടെ അടുത്ത ലക്ഷ്യം ഉത്തരകൊറിയയായിരിക്കുമെന്നാണ് കിം ജോങുന്‍ പറയുന്നത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രകോപനമുണ്ടായാല്‍ ആണവായുധം ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും കിം മുന്നറിയിപ്പ് നല്‍കി.