X
    Categories: Newsworld

‘കരയ്‌ക്കെത്തിക്കുന്നതിനിടയിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തി’; മോഹങ്ങള്‍ ബാക്കിവെച്ച് മലയാളി ഡോക്ടര്‍ യാത്രയായി

ന്യൂയോര്‍ക്ക്: ഒരുപാട് മോഹങ്ങള്‍ ബാക്കിവെച്ചാണ് നിത വിട പറഞ്ഞത്. പഠിച്ച് ഡോക്ടറാകണം. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി തുടങ്ങണം. രണ്ടു വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം എന്നിങ്ങനെ പോകുന്നു ഉറ്റവരോട് നിത പങ്കുവെച്ച സ്വപ്‌നങ്ങള്‍.

യുഎസിലെ ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞായിരുന്നു മലയാളി വനിതാ ഡോക്ടറുടെ മരണം.
ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ സി തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം.

കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത, ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്ക് ഒറ്റയ്ക്കു പോകുമ്പോഴാണ് നിയന്ത്രണംവിട്ട കാര്‍ കനാലില്‍ വീണത്. പിന്നാലെ വന്ന കാറില്‍ അമേരിക്കന്‍ ദമ്പതികളായിരുന്നു. അവരില്‍ ഭര്‍ത്താവ് കനാലിലേക്കു ചാടി കാറില്‍നിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികള്‍ പാഞ്ഞെത്തിയത്.

കരയില്‍നിന്ന ഭാര്യ ഇതുകണ്ട് അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി. കാറിനു ചുറ്റും ചീങ്കണ്ണികള്‍ കൂടിനിന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒന്നു രണ്ടു ചീങ്കണ്ണികളെ വെടിവച്ചു കൊന്നതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലില്‍ ഇറങ്ങാനായതെന്ന് പൊലീസ് പറയുന്നുമുണ്ട്.

കല്‍പറ്റ ഡി പോള്‍സ് ഹൈസ്‌കൂളില്‍നിന്നു പത്താം ക്ലാസ് ജയിച്ചതിനു ശേഷമാണു നിത കുടുംബത്തിനൊപ്പം യുഎസിലേക്കു കുടിയേറിയത്. മെഡിസിനില്‍ ബിരുദത്തിനു ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദത്തിനായി മയാമിയിലെ ആശുപത്രിയിലാണു ചേര്‍ന്നത്. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്കു താമസം മാറ്റുകയായിരുന്നു.

Test User: