X
    Categories: indiaNews

ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യു.എസ്; ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തപ്പെടേണ്ട സമയമെന്ന് നെഡ് പ്രൈസ്

വാഷിങ്ടന്‍: ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യു.എസ് നിലപാട് വ്യക്തമാക്കി. ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ് പറഞ്ഞു. വാഷിങ്ടനില്‍ പതിവ് മാധ്യമസമ്മേളനത്തില്‍ വച്ചാണ് യുഎസ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് തങ്ങളുടെ അഭിപ്രായം പറഞ്ഞത്.

‘ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകമെങ്ങും ഞങ്ങളുടെ ബന്ധങ്ങളില്‍ ഇക്കാര്യം ഉറപ്പു വരുത്തുന്നു’ അദേഹം പറഞ്ഞു.

അതേ സമയം ഡോക്യുമെന്ററി കണ്ടിട്ടില്ലെന്നും യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാമെന്നും വ്യക്തമാക്കി.

2002ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഇന്ത്യയില്‍ വിവാദമായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ, വിദ്യാര്‍ഥിസംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധവുമായാണ് ബിജെപി രംഗത്തുള്ളത്.

webdesk13: