വാഷിങ്ടണ്‍: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് രക്തരൂക്ഷിതമായ സിറിയക്കു നേരെ വ്യോമാക്രമണം നടത്തിയ അമേരിക്കയും സഖ്യകക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്.
ആക്രമണം നടത്തിയ കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധസമാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് വിവരം.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദമസ്‌കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. അതേസമയം, ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.
വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ഡൂമയില്‍ ശനിയാഴ്ച നടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ സൈന്യം വിമതര്‍ക്കുനേരേ നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്.