കാബൂള്‍: കാബൂളില്‍ നിന്ന് ടേക് ഓഫ് ചെയ്ത അമേരിക്കന്‍ വ്യോമസേനയുടെ ചരക്കുവിമാനത്തില്‍ നിന്നു വീണ് നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരണം. സംഭവത്തെക്കുറിച്ച് അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു. യുഎസ് വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്‌തെന്നുമാണ് വിശദീകരണം.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മനുഷ്യര്‍ വിമാനത്തില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏഴുപേരെങ്കിലും വീണുമരിച്ചെന്നാണ് അനൗദ്യോഗിക കണക്കെങ്കിലും അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന് അഫ്ഗാനികളാണ് കഴിഞ്ഞദിവസം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യുഎസ് വിമാനത്തില്‍ ഇടിച്ചുകയറിയത്. വിമാനത്താവളത്തിലും പരിസരത്തും ആളുകള്‍ പരക്കം പായുന്നതിന്റെയും യുഎസ് വിമാനത്തില്‍ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.