ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.
ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത് വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.
അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.
ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.
ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.
പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.
ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.