X

ഇസ്രാഈലിലെ ഗ്വാട്ടിമാലന്‍ എംബസി മെയ് 16ന ജറൂസലമിലേക്ക് മാറ്റും

 

വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ് പറഞ്ഞു. വാഷിങ്ടണില്‍ അമേരിക്കന്‍ ഇസ്രാഈല്‍ പബ്ലിക്ക് അഫയേഴ്‌സ് കമ്മിറ്റി വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. മെയ് 14ന് എംബസി മാറ്റുമെന്ന് യു.എസ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്വാട്ടിമാലന്‍ എംബസി മെയ് പതിനാറിനും ജറൂസലമില്‍ പ്രവര്‍ത്തനം തുടങ്ങും. ഇസ്രാഈല്‍ ജനതക്ക് ഗ്വാട്ടിമാലയുടെ ഉറച്ച പിന്തുണയുണ്ടെന്നതിന്റെ തെളിവാണ് എംബസി മാറ്റമെന്ന് മൊറേല്‍സ് പറഞ്ഞു. ഫലസ്തീനികള്‍ ദുരന്ത ദിനമായി ആചരിക്കുന്ന ഇസ്രാഈല്‍ രൂപീകരണത്തിന്റെ 70-ാം വാര്‍ഷികാചരണ ദിവസം തന്നെയാണ് അമേരിക്കയും ഗ്വാട്ടിമാലയും എംബസി മാറ്റത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുകയും എംബസി മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മൊറേല്‍സ് അഭിനന്ദിച്ചു. ധീരമായ തീരുമാനമെന്നാണ് ട്രംപിനെ പ്രഖ്യാപനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള നിലപാട്് അട്ടിമറിച്ചാണ് ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീരിച്ചത്. ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല. യു.എസ് തീരുമാനം പുനപ്പരിശോധിക്കാന്‍ ആവ്യപ്പെടുന്ന യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്ത ചുരുക്കം രാജ്യങ്ങളില്‍ ഗ്വാട്ടിമാലയും പെടും. യു.എന്‍ പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന് യു.എസ് ഭീഷണി മുഴക്കിയിരുന്നു.

chandrika: