X

സുരക്ഷാ ഭീഷണി: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി അടച്ചു

അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്‍ക്കാന്‍ എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്‍ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതു തരം ഭീഷണിയാണ് എംബസി അടക്കാന്‍ കാരണമെന്ന് വ്യക്തമല്ല. കുറച്ചു ദിവസത്തേക്ക് എംബസിയില്‍നിന്ന് അടിയന്തര സേവനങ്ങള്‍ മാത്രമേ ഉണ്ടാകൂ. എംബസിക്കും യു.എസ് പൗരന്മാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്കും നേരെ ആക്രമണത്തിന് സാധ്യതയുള്ളതായി അങ്കാറ ഗവര്‍ണര്‍ അറിയിച്ചു.

അമേരിക്കന്‍ വൃത്തങ്ങളില്‍നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എംബസി അടച്ചതെന്ന് ഗവര്‍ണറുടെ ഓഫീസ് പറയുന്നു.
2013ല്‍ യു.എസ് എംബസിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. നാറ്റോ സഖ്യകക്ഷികളായ തുര്‍ക്കിയും അമേരിക്കയും നിരവധി വിഷയങ്ങളില്‍ ഭിന്നതയിലാണ്. വടക്കന്‍ സിറിയയില്‍ യു.എസ് പിന്തുണയുള്ള കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിനുനേരെ തുര്‍ക്കി വ്യോമാക്രമണം തുടരുന്നതില്‍ അമേരിക്ക ക്ഷുഭിതരാണ്.

chandrika: