വാഷിങ്ടണ്‍: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന വിചിത്ര ആവശ്യവുമായി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. വിവിധ സംസ്ഥാനങ്ങളിലെ വിധിക്കെതിരെ കോടതിയില്‍ പോകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ട്വിറ്ററില്‍ ട്രംപിന്റെ പ്രതികരണം.
നേരത്തെ, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് ട്രംപ് ആരോപിച്ചിരുന്നു. ബുധനാഴ്ച വിജയം അവകാശപ്പെട്ട ട്രംപ് തിരിച്ചടികള്‍ക്ക് പിന്നാലെ നയം മാറ്റുകയായിരുന്നു. യുഎസില്‍ ഉടനീളം ട്രംപ് അനുയായികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. സായുധരായ അനുയായികള്‍ പോളിങ് സെന്ററില്‍ എത്തിയത് മൂലം അരിസോണയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രം അടയ്‌ക്കേണ്ടി വന്നു.
264 ഇലക്ടോറല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് കിട്ടിയിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് ഇനി ബൈനഡന് ആറു വോട്ടുകള്‍ മാത്രം മതി. ട്രംപിന് കിട്ടിയിട്ടുള്ളത് 214 വോട്ടുകളാണ്. വിജയത്തിനായി നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന/പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിന് മുന്‍തൂക്കം കിട്ടേണ്ടതുണ്ട്.
തോല്‍വി മണത്തതിന് പിന്നാലെ ട്രംപ് അനുകൂലികള്‍ രാജ്യത്തുടനീളം തെരുവിലിറങ്ങിയിട്ടുണ്ട്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ അടക്കമുള്ള പല നഗരങ്ങളും ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. അരിസോണയിലെ ഫീനിക്‌സിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ഇരുനൂറില്‍ അധികം ട്രംപ് അനുകൂലികളാണ് ആയുധങ്ങളുമായി തമ്പടിച്ചത്. ന്യൂയോര്‍ക്ക് നഗര്തതിലും ഒറിഗണിലെ പോട്‌ലാന്‍ഡിലും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് ട്രംപ് അനുയായികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.