X

തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍: നടപടി സ്വീകരിക്കുമെന്ന് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ ഏതെങ്കിലും വിദേശ ശക്തിയുടെ ഇടപെടല്‍ ഉണ്ടായാല്‍ അമേരിക്ക അതിനെതിരെ നടപടിയെടുക്കും. എന്ത് നടപടി സ്വീകരിക്കണമെന്നത് അമേരിക്കയുടെ തീരുമാനമാണ്. അത് ചിലപ്പോള്‍ രഹസ്യമായിട്ടായിരിക്കുമെന്നും ഒബാമ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ട്രംപിന് അനുകൂലമാക്കുന്നതിന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടല്‍ നടത്തിയതായി യു.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെയും പാര്‍ട്ടിയുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം. ഹിലരിയുടേതും സഹസംഘടനകളുടെതുമുള്‍പ്പെടെ ഇ-മെയിലുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചോര്‍ത്തപ്പെട്ടിരുന്നു.

chandrika: