X

യു.എസ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന്; ഹിലരി വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെടണം: കമ്പ്യൂട്ടര്‍ വിദഗ്ധര്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കരുതെന്നും ഒരുകൂട്ടം കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ ഹിലരി ക്ലിന്റനോട് ആവശ്യപ്പെട്ടു. പ്രധാന പോരാട്ടം നടന്ന വിസ്‌കോന്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ സ്റ്റേറ്റുകളില്‍ റീകൗണ്ടിങ് ആവശ്യപ്പെടമെന്നും അവര്‍ ഹിലരിയെ ഉപദേശിച്ചു. കൃത്രിമം നടന്നതിന് തങ്ങളുടെ കൈവശം കൃത്യമായ തെളിവുണ്ടെന്ന് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ അവകാശപ്പെട്ടു.

മൂന്ന് നിര്‍ണായക സംസ്ഥാനങ്ങളിലും വോട്ടുകള്‍ കൂട്ടിയതില്‍ ക്രമക്കേട് നടക്കുകയോ ഹാക്കര്‍മാര്‍ അട്ടിമറി നടത്തുകയോ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു. തങ്ങള്‍ കണ്ടെത്തിയ തെളിവുകള്‍ ഹിലരിയുടെ ഉന്നത സഹായികള്‍ക്ക് ശാസ്ത്രജ്ഞര്‍ കൈമാറി.
പേപ്പര്‍ ബാലറ്റുകള്‍ക്കു പകരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച കൗണ്ടിങ്ങുകളില്‍ ഹിലരി ഏറെ പിന്നോക്കം പോയതായി മിഷിഗണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ആന്റ് സൊസൈറ്റി ഡയറക്ടര്‍ ജെ അലക്‌സ് ഹാല്‍ദര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ ഹിലരിക്ക് ഏഴ് ശതമാനം വോട്ടുകളുടെ കുറവുണ്ട്. മുപ്പതിനായിരം വോട്ടുകളെങ്കിലും ഹിലരിക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തില്‍നിന്ന് വ്യക്തമാകുന്നത്. വിസ്‌കോന്‍സിനില്‍ 27,000 വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെട്ടത്.

തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉപദേശക ഡോ. ബാര്‍ബറ സൈമണ്‍സ് ശാസ്ത്രജ്ഞരുടെ നിഗമനത്തെ അനുകൂലിക്കുന്നുണ്ട്.
നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അട്ടിമറി സംഭവിച്ചിട്ടുണ്ടാകാമെന്ന് ചിലര്‍ സംശയിക്കുന്നു. വോട്ടര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ റഷ്യ ഹാക്കു ചെയ്യാന്‍ ശ്രമിച്ചതായി യു.എസ് ഭരണകൂടം ആരോപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യക്ക് സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൈബര്‍ സുരക്ഷാ വിദഗ്ധരും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് മുന്‍തൂക്കമുണ്ടായിരുന്ന സ്റ്റേറ്റുകളില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായത്.

വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് അധികാരികളെ സമീപിക്കാന്‍ ഹിലരി തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനകീയ വോട്ടില്‍ ഹിലരിയുടെ ഭൂരിപക്ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ജനകീയ വോട്ട് ലീഡ് രണ്ട് ദശലക്ഷമായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ പറയുന്നു.

chandrika: