ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഹാക്കിങ് നടന്നതായുള്ള ആരോപണം ശക്തമാകുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ രംഗത്തെത്തി. അവര്‍ ഇക്കാര്യം ഹിലരിയോട് ആവശ്യപ്പെട്ടു. വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് വീണ്ടും എണ്ണണമെന്നാവശ്യപ്പെടുന്നത്.
ഈ മൂന്ന് സംസ്ഥാനങ്ങളിലും ട്രംപിന്റെ വിജയം നേരിയ ഭൂരിപക്ഷത്തിനായിരുന്നു. മാത്രമല്ല പരമ്പരാഗതമായി ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. അതേസമയം ഇലക്ടോണിക് വോട്ടിങ് മെഷീന്‍ ആധാരമാക്കിയ ചിലയിടങ്ങളില്‍ ഹിലരിക്ക് പ്രതീക്ഷിച്ചതിലും കുറവ് വോട്ടാണ് ലഭിച്ചത്. ഇവിടെ ഹാക്കര്‍മാര്‍ ഉപയോഗപ്പെടുത്തിയോ എന്നാണ് സംശയം.
സൈബര്‍ ആക്രമണം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തനാണ് റീ കൗണ്ടിങ് ആവശ്യപ്പെടുന്നത്. അതേസമയം ഫലം ഹാക്ക് ചെയ്തതായോ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി നടന്നതിനോ നിലവില്‍ തെളിവുകളൊന്നും ലഭ്യമല്ല. അതേസമയം റീ കൗണ്ടിങ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഹിലരി ക്യാമ്പ് വ്യക്തമായി മറുപടി നല്‍കിയിട്ടില്ല. നിയുക്ത പ്രസിഡന്റ് ട്രംപിന്റെ ക്യാമ്പും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
വോട്ടുകള്‍ വീണ്ടും എണ്ണുന്നത് രാജ്യത്ത് അസാധാരണമാണ്. സര്‍വെ ഫലങ്ങളെയെല്ലാം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയായിരുന്നു. അതേസമയം ജനപ്രിയ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണായിരുന്നു വിജയം.