വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാതിപധി കിം ജോങ് ഉന്നിന്റെയും കൊറിയയുടെയും സൈനിക നടപടികളില്‍ അമേരിക്കയ്ക്ക് ആശങ്ക. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മിസൈല്‍ പരീക്ഷണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരകൊറിയന്‍ നടപടികള്‍ സംബന്ധിച്ച് യുഎസ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ഇതിനായി മുഴുവന്‍ സെനറ്റര്‍മാരുടെയും യോഗം ചേരാനാണ് തീരുമാനം.
അടുത്തയാഴ്ച 100 സെനറ്റര്‍മാരും പങ്കെടുക്കുന്ന യോഗം വൈറ്റ്ഹൗസില്‍ വെച്ച് നടക്കുമെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനുള്ള കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.
വിദേശകാര്യ സെക്രട്ടറി റക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഡാന്‍ കോട്ട്‌സ് തുടങ്ങിയവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് ഉത്തരകൊറിയ സ്വീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇതിനെ എതിര്‍ത്തു തോല്‍പിക്കേണ്ടതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. മുന്നറിയിപ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ദിവസവും ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയിരുന്നു. എന്നാല്‍ പരീക്ഷണം പരാജയപ്പെടുകയാണുണ്ടായത്.