ഗാസ: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഫലസ്തീന്‍ ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. അമേരിക്കയുടെ തീരുമാനം ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെ തകര്‍ത്തെന്നും ഇതു ഓസ്‌ലോ കരാര്‍ ലംഘനമാണെന്നും ഇസ്മയില്‍ ഹനിയ്യ പറഞ്ഞു. ഗാസ സിറ്റിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പലസ്തീന്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ ഇസ്മയില്‍ ഹനിയ്യ.
ശത്രുക്കള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യ്ത ഇസ്മയില്‍ ഹനിയ്യ ഫലസ്തീന്‍ ഭൂമിയില്‍ അമേരിക്കന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ എല്ലാവരും കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ചു നിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹനിയ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വെസ്റ്റ്ബാങ്ക്, റാമല്ല, ഹീബ്രോണ്‍, നബ്‌ലസ്, ഗാസ എന്നിവിടങ്ങളില്‍ ഫലസ്തീന്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ തീരുമാനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും പരസ്യമായി തങ്ങളുടെ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. കൂടാതെ ജറുസലേം ഫലസ്തീന്‍ തലസ്ഥാനമായും പ്രഖ്യാപിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചത്.