X

യുഎസ് വിവരങ്ങള്‍ ചൈന ഹാക്ക് ചെയ്യുന്നതായി ആരോപണം

 

വാഷിങ്ടണ്‍: കമ്പ്യൂട്ടറുകളിലെ മദര്‍ ബോര്‍ഡില്‍ കുഞ്ഞന്‍ ചിപ്പുകള്‍ ഒളിപ്പിച്ചുവെച്ച് അമേരിക്കന്‍ കമ്പനികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സുപ്രധാന വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതായി ചൈനക്കെതിരെ ഗുരുതരമായ ആരോപണം. ആപ്പിള്‍, ആമസോണ്‍, സൂപ്പര്‍മൈക്രോ തുടങ്ങിയ ഭീമന്‍ കമ്പനികളുടെയും എഫ്.ബി.ഐ, സി.ഐ.എ, പ്രതിരോധ വകുപ്പ് തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികളുടെയും വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു എന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആമസോണിന്റെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ എലമെന്റല്‍ ടെക്‌നോളജീസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കമ്പ്യൂട്ടറുകളുടെ മദര്‍ബോര്‍ഡില്‍ ഒളിപ്പിച്ചുവെച്ച ചിപ്പുകള്‍ കണ്ടെത്തിയത്. ചിപ്പുകള്‍ക്ക് വലുപ്പം തീരെ ചെറുതായിരുന്നത്രേ. ആമസോണിന്റെ പ്രൈം വിഡിയോകള്‍ക്ക് വേണ്ടിയാണ് എലമെന്റല്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭം കമ്പനി ആരംഭിക്കുന്നത്. സൂപ്പര്‍മൈക്രോ എന്ന കമ്പനിയില്‍ നിന്നാണ് ഇതിനായി സോഫ്റ്റ് വെയറുകളും സെര്‍വറുകളും ആമസോണ്‍ വാങ്ങിയത്. ഇവയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കാനഡയിലെ ഒന്റാറിയോയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് മദര്‍ബോര്‍ഡുകളുടെ യഥാര്‍ത്ഥ ഡിസൈനില്‍ ഇല്ലാത്ത ചെറിയ ചിപ്പുകള്‍ ഉള്ളതായി കണ്ടെത്തിയത്.
ലോക വിപണിയിലെ 70 ശതമാനത്തോളം കമ്പ്യൂട്ടറുകളും മൊബൈലുകളും നിര്‍മ്മിക്കുന്നത് ചൈനയാണ്. ഇത് തന്നെയാണ് സംശയത്തിന്റെ വിരലുകള്‍ ചൈനയ്ക്ക് നേരെ ചൂണ്ടുന്നത്. സൂപ്പര്‍മൈക്രോ കമ്പനിക്ക് വേണ്ടി സെര്‍വറുകളും മദര്‍ബോര്‍ഡുകളും നിര്‍മ്മിക്കുന്ന ചൈനീസ് ഫാക്ടറികളില്‍ വെച്ചാണ് ചിപ്പുകള്‍ ഘടിപ്പിച്ചത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ സൂപ്പര്‍ മൈക്രോ മദര്‍ബോര്‍ഡുകള്‍ ചൈനീസ് ചാരന്‍മാര്‍ക്ക് കടന്നുകയറാനും, ഹാക്കിംഗ് നടത്താനും അവസരം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതര്‍ബോര്‍ഡ് ഉപയോഗിക്കുന്ന എല്ലായിടത്തും ചാരപ്രവര്‍ത്തനം നടത്താന്‍ ഇതുവഴി ചൈനയ്ക്ക് കഴിയുന്നുവെന്നും പറയപ്പെടുന്നു. സെര്‍വറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഉടനെ ഈ കുഞ്ഞു ചിപ്പുകള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന പ്രോഗ്രാമുകളില്‍ മാറ്റം വരുത്തും. കൂടുതല്‍ നിര്‍ദേശങ്ങളും കോഡുകളും സ്വീകരിക്കാനാവും വിധം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി കൊടുക്കാനും കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ആരോപണം ആപ്പിളും ആമസോണും സൂപ്പര്‍മൈക്രോ കമ്പനിയും നിഷേധിച്ചു.

chandrika: