അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 365,000മായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,044 പേരാണ് മരണപ്പെട്ടത്. കോവിഡ് പടർന്നുപിടിച്ചു തുടങ്ങിയ ശേഷം ആദ്യമായാണ് പ്രതിദിന മരണനിരക്ക് നാലായിരം കടക്കുന്നതെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മാത്രം 2,66,000 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.16 കോടിയായി. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോസ് എഞ്ചൽസ് കൗണ്ടിയിലെ പരിശോധനയിൽ 20 ശതമാനത്തിലേറെയും പോസിറ്റീവായിരുന്നു. കാലിഫോർണിയയുടെ ചില ഭാഗങ്ങളിൽ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് കോവിഡ് രോഗികളെ ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥ വരുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. ജനുവരി അവസാനത്തോടെ യു.എസിൽ 24,000ത്തോളം പേർ കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം ബ്രിട്ടനും ഓസ്ട്രേലിയയും നിയന്ത്രണ നടപടികൾ ശക്തമാക്കി. വിദേശത്തുനിന്ന് എത്തുന്ന വിമാനയാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നെഗറ്റീവാണെന്ന് ഉറപ്പാക്കാതെ ആരെയും വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചു. വകഭേദം വന്ന കോവിഡ് വൈറസ് വ്യാപിക്കാതിരിക്കാൻ ലോക്ക്ഡൗണുകളും പരിശോധനകളും അനിവാര്യമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. പുറത്തുനിന്ന് എത്തുന്ന എല്ലാവരും പരിശോധന ഫലം ഹാജരാക്കേണ്ടിവരുമെന്ന് ബ്രിട്ടീഷ് അധികൃതരും വ്യക്തമാക്കി.
ബ്രസീലിൽ മരണം രണ്ടു ലക്ഷം കടന്നു
ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. പുതിയ വർഷത്തിൽ രോഗം നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് രാജ്യത്ത് മരണനിരക്ക് കൂടുകയാണ്. ബ്രസീലിൽ ഇതുവരെ 200,498 പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 87,843 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വലതുപക്ഷ തീവ്രവാദിയായ പ്രസിഡന്റ് ജയ്ര് ബോൽസനാരോയുടെ പിന്തിരിപ്പൻ നിലപാടുകളും പ്രതിരോധ നടപടികളോട് മുഖം തിരിച്ചുനിൽക്കുന്നതുമാണ് രോഗവ്യാപനം രൂക്ഷമാകാൻ കാരണം. ലോകത്തെ എല്ലാ രാജ്യങ്ങളും വാക്സിനേഷനുമായി മുന്നോട്ടുപോകുമ്പോൾ ബ്രസീൽ ഭരണകൂടം നിസ്സംഗത തുടരുകയാണ്. മാസ്‌കുകൾ ധരിക്കാതെയും ലോക്ക്ഡൗണുകളെ വിമർശിച്ചും മുന്നോട്ടുപോകുന്ന ബോൽസനാരോ വാക്സിനുകളും ആവശ്യമില്ലെന്ന നിലപാടിലാണ്.